ഹെർണിയ ശസ്ത്രക്രിയയ്ക്ക് പിന്നാലെ മരണം; കോട്ടയം മെഡിക്കൽ കോളേജിനെതിരെ ചികിത്സാപിഴവ് പരാതി

 

മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ ചങ്ങനാശേരി സ്വദേശിനി മരിച്ചു. ചികിത്സപ്പിഴവെന്നു ബന്ധുക്കൾ. ഹെർണിയ ശസ്ത്രക്രിയയ്ക്ക് വിധേയയായി ചികിത്സയിൽ കഴിയവേ മരിച്ച ചങ്ങനാശ്ശേരി സ്വദേശി ഹസീനയുടെ കുടുംബമാണ് പൊലീസിൽ പരാതി നൽകിയത്.

കഴിഞ്ഞ മാസം 18നാണ് ഹസീനയ്ക്ക് ആദ്യം താക്കോൽദ്വാര ശസ്ത്രക്രിയ നടത്തിയത്. പിന്നീട് വയർ തുറന്നുള്ള ശസ്ത്രക്രിയയും നടത്തി. ഡിസ്ചാർജ് ചെയ്തതിന് പിന്നാലെ കടുത്ത പനി അനുഭവപ്പെട്ടതോടെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയ നടത്തിയ ഭാഗത്ത് അണുബാധയുണ്ടായതിനെ തുടർന്ന് വീണ്ടും വയർ തുറന്ന് ശസ്ത്രക്രിയ നടത്തിയിരുന്നു. ഇതിനിടയിൽ ചികിത്സാപിഴവ് സംഭവിച്ചെന്നാണ് കുടുംബത്തിന്റെ ആരോപണം.

എന്നാൽ ചികിത്സാപിഴവ് ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടായ അണുബാധയാണ് മരണകാരണമെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.