കണ്ണൂരിലെ ഒന്നരവയസുകാരന്റെ മരണം: ചികിത്സാ പിഴവെന്ന് വിദഗ്ധ സമിതി; തുടർനടപടികളിലേക്ക് കടന്ന് പൊലീസ്

 

കണ്ണൂർ പയ്യന്നൂരിലെ ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യയുടെ മരണത്തിൽ ചികിത്സാ പിഴവ് ഉണ്ടായെന്ന സംസ്ഥാനതല വിദഗ്ധ സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികളിലേക്ക് കടന്ന് പൊലീസ്. ആരോഗ്യ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ ചികിത്സയിൽ വീഴ്ചയുണ്ടായതായി കണ്ടെത്തിയത്.

നിലവിൽ അനസ്തീഷ്യ നൽകിയ ഡോക്ടറെ മാത്രമാണ് കേസിൽ പ്രതി ചേർത്തിട്ടുള്ളത്. പീഡിയാട്രീഷ്യനെയും പ്ലാസ്റ്റിക് സർജനെയും കൂടി പ്രതി ചേർക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. കൂടുതൽ ഡോക്ടർമാരെ പ്രതി ചേർക്കണമോയെന്ന കാര്യത്തിത്തിലും പൊലീസ് ഉടൻ തീരുമാനമെടുക്കും.

വീണ് ചുണ്ടിന് പരിക്കേറ്റ ദേവാൻഷിന് തുന്നലിടുന്നതിനായി അനസ്തീഷ്യ നൽകിയതിന് പിന്നാലെയാണ് കുട്ടി ബോധരഹിതനായത്. തുടർന്ന് ചികിത്സയിലിരിക്കെ ജൂലൈ 10ന് കുട്ടി മരിച്ചു.

സംഭവത്തിൽ ആദ്യം അന്വേഷണം നടത്തിയ ജില്ലാതല വിദഗ്ധ സമിതിയിലെ ഭൂരിഭാഗം അംഗങ്ങളും ചികിത്സാ പിഴവ് ഉണ്ടായെന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. സംസ്ഥാനതല സമിതിയുടെ റിപ്പോർട്ട് കൂടി ലഭിച്ചതോടെയാണ് പൊലീസ് തുടർ നടപടികളിലേക്ക് കടക്കുന്നത്.