വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണം; ഭർതൃപിതാവിന്റെ അറസ്റ്റ് തടഞ്ഞു, ആശങ്കയുമായി അമ്മ
കൊല്ലം ചന്ദനത്തോപ്പ് സ്വദേശിയായ വിപഞ്ചികയുടെയും കുഞ്ഞിന്റെയും ഷാർജയിലെ മരണവുമായി ബന്ധപ്പെട്ട കേസിൽ മൂന്നാം പ്രതിയായ ഭർതൃപിതാവ് മോഹനന്റെ അറസ്റ്റ് തടഞ്ഞ് കൊല്ലം അഡീഷണൽ സെഷൻസ് കോടതി. മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനമെടുക്കുന്നതുവരെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതിയുടെ ഉത്തരവ്.
2025 ജൂലൈയിലാണ് വിപഞ്ചികയെയും മകൾ വൈഭയെയും ഷാർജയിലെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സ്ത്രീധനവുമായി ബന്ധപ്പെട്ട് ഭർത്താവിന്റെ വീട്ടുകാരിൽ നിന്ന് വിപഞ്ചികയ്ക്ക് പീഡനം നേരിടേണ്ടി വന്നതായി അന്ന് മാതാവ് ആരോപിച്ചിരുന്നു. കേസ് ആദ്യം കുണ്ടറ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചു.
ഭർതൃപിതാവിന്റെ അറസ്റ്റ് തടഞ്ഞതിൽ ആശങ്കയുണ്ടെന്ന് വിപഞ്ചികയുടെ മാതാവ് ശൈലജ പ്രതികരിച്ചു. പ്രതി നാട്ടിലെത്തിയാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും അവർ ആരോപിച്ചു. മകൾ എഴുതിവെച്ചത് വെറുമൊരു മരണക്കുറിപ്പല്ല, അനുഭവിച്ച പീഡനങ്ങളുടെ വിവരങ്ങളാണെന്നും ശൈലജ പറഞ്ഞു.
ഭർത്താവിന്റെ നിരന്തര പീഡനവും പരസ്ത്രീ ബന്ധവുമാണ് മകളുടെ മരണത്തിന് കാരണമായതെന്നും ഭർതൃപിതാവും ഭർത്താവിന്റെ സഹോദരിയും പീഡനത്തിന് പ്രേരണ നൽകിയെന്നും മാതാവ് ആരോപിച്ചു. മകളുടെ ഡയറികൾ, വിലാസം, വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവ ഭർതൃപിതാവിന്റെ കോട്ടയത്തെ വീട്ടിലാണെന്നും ഇവ കൈമാറിയതിൽ ദുരൂഹതയുണ്ടെന്നും ശൈലജ ആരോപിച്ചു.
നൽകിയ സ്ത്രീധനം ഭർതൃപിതാവിന്റെ പേരിലുള്ള ലോക്കറിലാണെന്നും ലോക്കറിനെക്കുറിച്ച് ചോദിച്ചപ്പോൾ ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും പിന്നീട് വഴക്കുണ്ടായതോടെയാണ് വിവരങ്ങൾ നൽകിയതെന്നും അവർ പറഞ്ഞു. പ്രതിക്ക് മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും മകൾക്കും കുഞ്ഞിനും നീതി ലഭിക്കുന്നതുവരെ നിയമപോരാട്ടം തുടരുമെന്നും ശൈലജ വ്യക്തമാക്കി.