കോടതി വിധിയിൽ സന്തോഷം: ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ചതിൽ പ്രതികരിച്ച് ഇരട്ടക്കൊലയിൽ കൊല്ലപ്പെട്ട ദമ്പതികളുടെ മക്കൾ
നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ച കോടതി വിധിയെ സ്വാഗതം ചെയ്ത് കൊല്ലപ്പെട്ട സുധാകരന്റെയും സജിതയുടെയും മക്കൾ. പ്രതി വീണ്ടും പുറത്തിറങ്ങിയാൽതങ്ങളെ വധിക്കാനുള്ള സാധ്യതയുണ്ടെന്നത് കണക്കിലെടുത്താണ് കോടതി വധശിക്ഷ വിധിച്ചതെന്നും വിധിയിൽ തങ്ങൾക്ക് വലിയ ആശ്വാസവും സന്തോഷവുമുണ്ടെന്നും മക്കളായ അതുല്യയും അഖിലയും പറഞ്ഞു.
കോടതിയിൽ പൂർണ വിശ്വാസമുണ്ടായിരുന്നുവെന്നും, അതുകൊണ്ടുതന്നെ നീതി ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും അവർ വ്യക്തമാക്കി. പഴയ ഓർമകൾ വേട്ടയാടുന്നതിനാൽ ഇപ്പോൾ സ്വന്തം നാട്ടിലേക്ക് മടങ്ങാൻ തങ്ങൾ തയ്യാറല്ലെന്നും മാധ്യമങ്ങളോട് സംസാരിക്കവെ അവർ പറഞ്ഞു.
വിധി പ്രസ്താവിച്ച ജഡ്ജിക്കും കേസന്വേഷിച്ച പൊലീസിനും പ്രോസിക്യൂഷൻ സംഘത്തിനും നന്ദി അറിയിച്ച അവർ, കോടതി അനുവദിച്ച 20 ലക്ഷം രൂപ നഷ്ടപരിഹാരം തങ്ങളുടെ ഭാവിജീവിതത്തിന് വലിയ സഹായമാകുമെന്നും പ്രതികരിച്ചു. വിചാരണക്കാലം മുഴുവൻ പ്രതി ചെന്താമരയ്ക്ക് യാതൊരു കുറ്റബോധമോ ഭയമോ ഉണ്ടായിരുന്നില്ലെന്നും അവർ ചൂണ്ടിക്കാട്ടി.അതേസമയം, വിധിക്കെതിരെ ചെന്താമര ഹൈക്കോടതിയെ സമീപിച്ചാൽ തങ്ങളും നിയമപോരാട്ടം തുടരുമെന്ന് മക്കൾ വ്യക്തമാക്കി.
പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് കേസിനെ 'അത്യപൂർവങ്ങളിൽ അത്യപൂർവമായത്' എന്ന് വിലയിരുത്തിയാണ് ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ചത്. മുൻകാല സുപ്രധാന കേസുകളിലെ നിയമപരമായ മാനദണ്ഡങ്ങൾ വിശദമായി പരിശോധിച്ച ശേഷമാണ് കോടതി പരമാവധി ശിക്ഷ പ്രഖ്യാപിച്ചത്.ചെന്താമര മാനസാന്തരപ്പെടാനുള്ള ഒരു സാധ്യതയുമില്ലെന്ന് കോടതി വിലയിരുത്തി.ഇത്തരമൊരു ക്രൂരമായ കുറ്റകൃത്യത്തിന് അർഹമായ ശിക്ഷ നൽകുന്നതിലൂടെ സമൂഹത്തിന് ശക്തമായ ഒരു സന്ദേശം നൽകാൻ ആഗ്രഹിക്കുന്നുവെന്ന് കോടതി വിധിപ്രസ്താവത്തിൽ വ്യക്തമാക്കി.