വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് വീണ അപകടത്തിൽ, മരണം നാലായി
കോഴിക്കോട് വലിയങ്ങാടിയിൽ കോർപറേഷൻ ഉടമസ്ഥതയിലുളള ഗോഡൗൺ കെട്ടിടത്തിലെ സ്‌ളാബുകൾ തകർന്ന് ഉണ്ടായ അപകടത്തിൽ 4 കയറ്റിറക്ക് തൊഴിലാളികൾ മരിച്ചു. കെട്ടിടത്തിന് താഴെ വിശ്രമിക്കുകയായിരുന്ന ജബ്ബാർ, ബഷീർ, അഷ്‌റഫ്, വിനോദ് എന്നീ തൊഴിലാളികളാണ് കോൺക്രീറ്റ് പാളികൾ ദേഹത്ത് വീണ് അതി ദാരുണമായി മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഒരാൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്.
തിങ്കളാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം .കോഴിക്കോട് കടപ്പുറത്തോട് ചേന്നുള്ള വലിയങ്ങാടിയിലേക്കുളള പ്രധാന പ്രവേശന കവാടത്തിന് സമീപത്തെ കോർപറേഷൻ കെട്ടിടത്തിലെ സൺഷൈഡ് സ്‌ളാബുകൾ തകർന്ന് താഴെ വിശ്രമിക്കുകയായിരുന്ന തൊഴിലാളികളുടെ മേൽ പതിക്കുകയായിരുന്നു. ഏഴ് പേരായിരുന്നു അപകട സമയം സ്ഥലത്തുണ്ടായിരുന്നത് .കോൺക്രീറ്റ് സ്‌ളാബുകൾ അടർന്ന് വീഴുന്നത് കണ്ട് ഓടി മാറിയ രണ്ട് പേർ രക്ഷപ്പെട്ടു. ബാക്കി അഞ്ച് പേർക്ക് മേലാണ് കൂറ്റൻ ബിമും സ്‌ളാബുകളും പതിച്ചത്. ഉടൻ തന്നെ സമീപത്തുണ്ടായിരുന്ന മറ്റു തൊഴിലാളികൾ ഓടിയെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. രണ്ട് പേരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റാനായെങ്കിലും ബീമിന് അടിയിൽ പെട്ട മൂന്ന് പേരെ ഫയർഫോഴ്സ് എത്തിയ ശേഷമാണ് പുറത്തെടുക്കാൻ സാധിച്ചത്.