ദീപക്കിന്റെ ആത്മഹത്യ;  ഷിംജിത മുസ്തഫയ്ക്ക് ജാമ്യം

 

ബസിൽ വച്ച് ലൈംഗികാതിക്രമം നേരിട്ടെന്ന് ആരോപിച്ച് സമൂഹമാധ്യമങ്ങളിൽ വിഡിയോ പങ്കുവച്ചതിന് പിന്നാലെ കോഴിക്കോട്  ഗോവിന്ദപുരം സ്വദേശി ദീപക്ക് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിത മുസ്തഫയ്ക്ക് കോടതി ജാമ്യം അനുവദിച്ചു. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.22 ദിവസമായി ഷിംജിത ജയിലിൽ തുടരുകയായിരുന്നു

ദീപക് ജീവനൊടുക്കിയതിൽ ഷിംജിതയ്ക്ക് പങ്കുണ്ടെന്നാണ് പൊലീസ് റിപ്പോർട്ട്. യുവതിയുടെ ഭാഗത്ത് നിന്നുണ്ടായ മാനസിക പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ദീപക്കിന്റെ കുടുംബം ആരോപിച്ചിരുന്നു. എന്നാൽ, ഇത്രയധികം ദിവസം ജയിലിൽ തുടരേണ്ട സാഹചര്യമില്ലെന്നും ഷിംജിത നിലവിൽ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി ജാമ്യം അനുവദിക്കണമെന്ന് ഷിംജിതയുടെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇത് മുഖവിലക്കെടുത്തുകൊണ്ടാണ് കോടതി ജാമ്യം നൽകിയത്

ദീപകിന്റെ ആത്മഹത്യക്ക് പിന്നാലെ ഒളിവിൽ പോയ പ്രതിയെ വടകരയിലെ ബന്ധു വീട്ടിൽ നിന്നാണ് പൊലീസ് പിടികൂടിയത്.നേരത്തെ കേസുമായി ബന്ധപ്പെട്ട് ഷിംജിതയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ദീപക്കിന്റെ കുടുംബം നൽകിയ പരാതിയിൽ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയായിരുന്നു ഷിംജിതയ്‌ക്കെതിരേ പൊലീസ് കേസെടുത്തത്. ഷിംജിതയ്‌ക്കെതിരേ മറ്റൊരു യുവതിയും പൊലീസിൽ പരാതി നൽകിയിരുന്നതായി ദീപക്കിന്റെ കുടുംബം വ്യക്തമാക്കിയിരുന്നു