കൊച്ചി മേയർ തിരഞ്ഞെടുപ്പിൽ തഴഞ്ഞതിൽ എഐസിസിക്ക് പരാതി നൽകി ദീപ്തി മേരി വർഗീസ്
കൊച്ചി മേയർ സ്ഥാനത്തേക്ക് ഉള്ള തിരഞ്ഞെടുപ്പിൽ തന്നെ തഴഞ്ഞതിൽ ഹൈക്കമാൻഡിന് പരാതിയുമായി ദീപ്തി മേരി വർഗീസ്. കെപിസിസി മാർഗനിർദേശം പാലിക്കാതെയാണ് മേയർ തിരഞ്ഞെടുപ്പ് നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്.ഇന്നലെ വൈകീട്ടോടെയാണ് ദീപ്തി ഡൽഹിയിലെത്തിയത്. രാവിലെ ദീപ്തി മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും തന്റെ പരാതികൾ അറിയിക്കുകയും ചെയ്തു.
സംസ്ഥാന കോൺഗ്രസിൽ പരാതി സമർപ്പിച്ചിട്ടും അനുകൂല നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് പരാതിയുമായി ദീപ്തി ഡൽഹിയിലെത്തിയത്. കൊച്ചിയെ നയിക്കാൻ ഒരാൾ വേണമെന്ന് പാർട്ടി നേതൃത്വം ആവശ്യപ്പെട്ടിട്ടാണ് താൻ മത്സരിച്ചതെന്നും എന്നിട്ടും മേയർ സ്ഥാനത്തേക്ക് തഴഞ്ഞെന്നുമായിരുന്നു ദീപ്തിയുടെ പരാതിയിൽ പറയുന്നു. തന്നെ തഴഞ്ഞതിനായി പാർട്ടിക്ക് അകത്തും പുറത്തും പറഞ്ഞ കാരണങ്ങൾ തന്നെ അപമാനിക്കുന്നതാണെന്നും അവർ ചൂണ്ടിക്കാട്ടിയിരുന്നു. മേയർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെപിസിസിക്ക് കൃത്യമായ മാനദണ്ഡങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇതൊന്നും പാലിക്കാതെയാണ് ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിൽ മേയറെ നിശ്ചയിച്ചതെന്നും അതിന് കൃത്യമായ അജണ്ടയുണ്ടായിരുന്നു എന്നുമാണ് ദീപ്തിയുടെ ആരോപണം.വി കെ മിനിമോളെയാണ് നിലവിൽ കൊച്ചി മേയറായി തിരഞ്ഞെടുത്തിരിക്കുന്നത്. എഐ ഗ്രൂപ്പുകളുടെ ഇടപെടലാണ് ദീപ്തിയെ മേയർ സ്ഥാനത്ത് നിന്ന് ഒഴിവാക്കാൻ കാരണമായതെന്ന റിപ്പോർട്ടുകളും ഇതിനിടെ പുറത്തുവന്നിരുന്നു.