മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്കിൽ അപകീർത്തികരമായ പോസ്റ്റ്; ‘സിപിഐഎം സൈബർ പോരാളികൾ’ പേജിനെതിരെ സൈബർ പോലീസ് കേസ്

 

മുഖ്യമന്ത്രി വി.ഡി. സതീശനെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ വീണ്ടും പോലീസ് കേസെടുത്തു. 'സിപിഐഎം സൈബർ പോരാളികൾ' എന്ന ഫേസ്ബുക്ക് പേജിനെതിരെയാണ് തൃശൂർ സിറ്റി സൈബർ പോലീസ് കേസെടുത്തത്. മുഖ്യമന്ത്രി കാക്കി ട്രൗസർ ധരിച്ച രീതിയിലുള്ള ചിത്രം പേജിലൂടെ പ്രചരിപ്പിച്ചതിനെതിരെ സംസ്ഥാന പോലീസ് മേധാവിക്ക് (ഡി.ജി.പി) ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി.

യൂത്ത് കോൺഗ്രസ് തൃശൂർ തെക്കുംകര മണ്ഡലം പ്രസിഡന്റ് അനീഷ് കണ്ടംമാട്ടിൽ നൽകിയ പരാതിയിലാണ് സൈബർ പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ സമൂഹമാധ്യമങ്ങളിൽ നിരന്തരമായി അപകീർത്തികരമായ പരാമർശങ്ങൾ ഉയരുന്ന പശ്ചാത്തലത്തിൽ പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. നേരത്തെ മുഖ്യമന്ത്രിയുടെ മോർഫ് ചെയ്ത ചിത്രം ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചതിന് കെ.എസ്.ആർ.ടി.സി. നെടുങ്കണ്ടം യൂണിറ്റിലെ ഡ്രൈവറായ എസ്. സുനിൽ കുമാറിനെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തിരുന്നു.

അതേസമയം, മുഖ്യമന്ത്രിയെ അപമാനിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടെന്ന പേരിൽ ആറ്റിങ്ങൽ മോഡൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എസ്. ജവാദിനെ സസ്‌പെൻഡ് ചെയ്ത നടപടി അടിയന്തരമായി പിൻവലിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ കഴിഞ്ഞ ദിവസം നിർദ്ദേശം നൽകിയിരുന്നു. വിരമിക്കാൻ രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെ മാനുഷിക പരിഗണന മുൻനിർത്തിയാണ് മുഖ്യമന്ത്രി ഇടപെട്ട് പ്രിൻസിപ്പലിന്റെ സസ്‌പെൻഷൻ പിൻവലിപ്പിച്ചത്. ഈ വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസോ സർക്കാരോ നേരിട്ട് പരാതി നൽകിയിരുന്നില്ലെന്നും പുറത്തുനിന്നുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ വകുപ്പ് നടപടിയെടുത്തതെന്നും വ്യക്തമായിരുന്നു.