രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശം; ആർ. ശ്രീലേഖയ്ക്കെതിരെ ഡി.ജി.പിക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ്
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ ബി.ജെ.പി നേതാവും കൗൺസിലറുമായ ആർ. ശ്രീലേഖയ്ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിക്ക് (ഡി.ജി.പി) പരാതി. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളമാണ് പരാതി നൽകിയത്. രാഹുലിനെതിരായ പരാമർശം അതീവ ഗൗരവമുള്ളതാണെന്നും രാഷ്ട്രീയ വിമർശനത്തിന്റെ അതിരുകൾ ലംഘിക്കുന്നതാണെന്നും പരാതിയിൽ ആരോപിക്കുന്നു.
രാഹുൽ ഗാന്ധിയുടെ സൽപ്പേരിനെയും വിശ്വാസ്യതയെയും മനഃപൂർവ്വം അപകീർത്തിപ്പെടുത്താനാണ് ഇത്തരം പ്രചാരണം നടത്തുന്നതെന്ന് വിഷ്ണു സുനിൽ ചൂണ്ടിക്കാട്ടി. ഹൈന്ദവ വിശ്വാസപ്രകാരം ശിവഭഗവാന്റെ ദിവ്യനൃത്തമായ 'താണ്ഡവത്തെ' മയക്കുമരുന്ന് ഉപയോഗവുമായി ഉപമിച്ച് സംസാരിച്ചത് വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും പരാതിയിൽ പറയുന്നു.
ബുധനാഴ്ച പുനലൂരിൽ നടന്ന ബി.ജെ.പിയുടെ പ്രതിഷേധ ജനസഭയിലാണ് ആർ. ശ്രീലേഖ വിവാദ പരാമർശം നടത്തിയത്. ഡൽഹിയിൽ നടക്കുന്നത് രാഹുൽ ഗാന്ധിയുടെ താണ്ഡവമാണെന്നും അമിതമായി മയക്കുമരുന്ന് കഴിച്ച ആളെപ്പോലെയാണ് അദ്ദേഹത്തിന്റെ പെരുമാറ്റമെന്നുമായിരുന്നു ശ്രീലേഖയുടെ പ്രസംഗം.