'എക്സൈസ് ഉദ്യോഗസ്ഥർക്ക് പണം നൽകിയിട്ടില്ല, മന്ത്രി ലിജുവുമായി സഹോദരതുല്യ ബന്ധം': ബാർ ഉടമ രതീഷ്
മുൻ എക്സൈസ് കമ്മീഷണർ സീറാം സാംബശിവ റാവു ഉന്നയിച്ച അഴിമതി ആരോപണങ്ങൾ പൂർണ്ണമായും തള്ളി കായംകുളം റോയൽ ഫോർട്ട് ലക്ഷ്വറി ബാർ ഉടമ രതീഷ്. എക്സൈസ് ഉദ്യോഗസ്ഥർക്ക് താൻ യാതൊരുവിധ പണവും നൽകിയിട്ടില്ലെന്നും എക്സൈസ് മന്ത്രി എം. ലിജുവുമായി ദീർഘകാലത്തെ സഹോദരതുല്യ ബന്ധമാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രി എം. ലിജു ജനപ്രതിനിധിയായി മത്സരിച്ച കാലം തൊട്ടേ തങ്ങൾ തമ്മിൽ വ്യക്തിബന്ധമുണ്ട്. എന്നാൽ സ്വന്തം മണ്ഡലത്തിലെ ജനപ്രതിനിധിയെന്ന നിലയിലുള്ള അടുപ്പത്തിനപ്പുറം, ആ സൗഹൃദം ദുരുപയോഗം ചെയ്ത് സ്വകാര്യ ആവശ്യങ്ങൾക്കായി മന്ത്രിയെ സമീപിച്ചിട്ടില്ലെന്ന് രതീഷ് പറഞ്ഞു. കമ്മീഷണറുടെ റിപ്പോർട്ടിനെക്കുറിച്ച് മന്ത്രി തന്നോട് കാര്യങ്ങൾ ചോദിച്ചറിയാതിരുന്നത് അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻ എക്സൈസ് കമ്മീഷണർ സീറാം സാംബശിവ റാവുവിനെ നേരിട്ട് പരിചയമില്ലെന്നും മാധ്യമവാർത്തകളിലൂടെ മാത്രമാണ് അദ്ദേഹത്തെക്കുറിച്ചുള്ള വിവരങ്ങൾ അറിയുന്നതെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിപരമായ രാഷ്ട്രീയ നിലപാടുകൾക്കപ്പുറം മുൻ എൽ.ഡി.എഫ് സർക്കാരിലെ മന്ത്രിമാരുമായും തനിക്ക് നല്ല രീതിയിലുള്ള സൗഹൃദമുണ്ടായിരുന്നുവെന്നും രതീഷ് വ്യക്തമാക്കി.