കുട്ടനാട് സിപിഎമ്മിൽ ഭിന്നത രൂക്ഷം; കൂടുതൽ പേർ പാർട്ടി വിടാനൊരുങ്ങുന്നു, കടുത്ത നടപടിയുമായി നേതൃത്വം

 

കുട്ടനാട്ടിൽ സി.പി.എം ഏരിയ കമ്മിറ്റി അംഗവും മുൻ ലോക്കൽ സെക്രട്ടറിയും പാർട്ടി വിട്ടതിന് പിന്നാലെ കൂടുതൽ നേതാക്കളും പ്രവർത്തകരും രാജിക്കൊരുങ്ങുന്നു. പാർട്ടി വിടുന്നവരിൽ പലരും സി.പി.ഐ പ്രാദേശിക നേതൃത്വവുമായി ചർച്ചകൾ നടത്തുന്നതായാണ് വിവരം. അതേസമയം, കൂടുതൽ കൊഴിഞ്ഞുപോക്ക് തടയാൻ വിഭാഗീയ പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ പുറത്താക്കൽ ഉൾപ്പെടെയുള്ള കടുത്ത നടപടികൾ സ്വീകരിക്കാനാണ് സി.പി.എം നീക്കം.

പാർട്ടി വിട്ട നേതാക്കൾക്കെതിരെ നേരത്തെ തന്നെ നടപടിയെടുത്തിരുന്നുവെന്നും വിഭാഗീയത വെച്ചുപുലർത്തുന്ന കൂടുതൽ പേർക്കെതിരെ ഉടൻ നടപടിയുണ്ടാകുമെന്നും ഏരിയ സെക്രട്ടറി സി.ബി. ബ്രീവൻ വ്യക്തമാക്കി. ഏരിയ കമ്മിറ്റി അംഗമായിരുന്ന തോമസ് പൈലി സി.പി.എമ്മിൽ നിന്ന് രാജിവെച്ച് സി.എം.പിയിലാണ് ചേർന്നത്. കാവാലം കുന്നമ്മ മുൻ ലോക്കൽ സെക്രട്ടറിയായിരുന്ന ഡി. വിനോദ് ബി.ജെ.പിയിലും ചേർന്നു. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ പങ്കെടുത്ത വിശാല ജില്ലാ കമ്മിറ്റി യോഗത്തിൽ പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കാൻ തീരുമാനമെടുത്തിരുന്നെങ്കിലും കുട്ടനാട്ടിൽ അത് പൂർണ്ണമായും പ്രായോഗികമായിട്ടില്ലെന്നാണ് നിലവിലെ സംഭവവികാസങ്ങൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം കുട്ടനാട്ടിൽ നടന്ന സംഘടനാ ചർച്ചകളിൽ നിന്ന് ഒരു വിഭാഗം നേതാക്കളും പ്രവർത്തകരും പൂർണമായി വിട്ടുനിന്നിരുന്നു.

ഇതിനിടെ, കുട്ടനാട്ടിലെ ഒരു ജില്ലാ നേതാവിനെ ഉന്നം വെച്ച് പ്രാദേശിക നേതാവ് സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പ് വലിയ ചർച്ചയായിട്ടുണ്ട്. ഈ നേതാവ് കേരള കോൺഗ്രസ് (ജോസഫ്) ഗ്രൂപ്പിൽ ചേരുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്. കർഷകത്തൊഴിലാളി യൂണിയനിലെ അനാവശ്യ ഇടപെടലുകളിൽ അമർഷമുള്ള നിരവധി അംഗങ്ങളും വരുംദിവസങ്ങളിൽ പാർട്ടി വിടുമെന്നാണ് സൂചന.