മെമ്മറി കാർഡ് ചോർന്ന സംഭവം;അതിജീവിത നൽകിയ ഹർജിയിലെ വാദം മാറ്റണമെന്ന ആവശ്യവുമായി ദിലീപ് ഹൈക്കോടതിയിൽ
നടിയെ പീഡിപ്പിച്ചു ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ, മെമ്മറി കാർഡ് ചോർന്ന സംഭവത്തിൽ അതിജീവിത നൽകിയ ഹർജിയിൽ വാദം കേൾക്കുന്നത് മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി നടൻ ദിലീപ് ഹൈക്കോടതിയിൽ. കേസിൽ വാദം കേട്ട ജഡ്ജി വിധിപറയുന്നത് തടയുകയാണ് അതിജീവിതയുടെ ഹർജിയുടെ ഉദ്ദേശ്യമെന്നാണ് ദിലീപിന്റെ വാദം. മെമ്മറി കാർഡ് ചോർന്ന സംഭവത്തിൽ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു പരാതിക്കാരിയായ അതിജീവിത നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ്, ദിലീപ് ഇക്കാര്യം ഉന്നയിച്ചത്.
അതിജീവിത നൽകിയ ഹർജിക്ക് മറ്റു പല ഉദ്ദേശ്യങ്ങളുമുണ്ടെന്നാണ് ദിലീപിന്റെ ആരോപണം. ഈ കേസിൽ 250ലധികം സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയ ജഡ്ജി വിധി പറയുന്നത് തടയുകയെന്ന ഉദ്ദേശ്യവും അതിജീവിതയ്ക്കും പ്രോസിക്യൂഷനുമുണ്ട്. മാത്രമല്ല, മെമ്മറി കാർഡ് ചോർന്നു എന്നു പറയുന്നത് തെറ്റായ വ്യാഖ്യാനമാണ്. അതിനുള്ള തെളിവ് കൈവശമുണ്ട്. വിചാരണ വേളയിൽ അക്കാര്യങ്ങൾ പുറത്തുകൊണ്ടുവരും. ഫൊറൻസിക് സയൻസ് ലാബോറട്ടറി (എഫ്എസ്എൽ) സാക്ഷികളെ ഇനിയും വിസ്തരിക്കാനുണ്ട്. ആ ഘട്ടത്തിൽ ഇതെല്ലാം പുറത്തു കൊണ്ടുവരുമെന്നും, ഇപ്പോൾ പുറത്തുവിട്ടാൽ വിചാരണയെ ബാധിക്കുമെന്നുമാണ് വാദം. എന്തുകൊണ്ട് കേസ് മാറ്റിവയ്ക്കണമെന്ന കാര്യത്തിൽ തന്റെ വാദങ്ങൾ സീൽഡ് കവറിൽ കോടതിയിൽ ഹാജരാക്കാനും ദിലീപ് സന്നദ്ധത അറിയിച്ചു.
നടിയെ ആക്രമിച്ചെന്ന കേസിൽ വിചാരണ നീട്ടാനാണു ശ്രമമെന്നും തന്റെ ജീവിതമാണു കേസുകാരണം നഷ്ടമായതെന്നും ഇതേ ഹർജി മുൻപു പരിഗണിക്കുമ്പോൾ ദിലീപ് ചൂണ്ടിക്കാട്ടിയിരുന്നു. നടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ മെമ്മറി കാർഡ് പരിശോധിച്ചതിൽ അന്വേഷണം ആവശ്യപ്പെടുന്നതു വിചാരണ നീട്ടിക്കൊണ്ടുപോകാനാണ്. ഈ നീക്കത്തിൽ പ്രോസിക്യൂഷൻ കൈകോർക്കുകയാണെന്നും ദിലീപ് ഹൈക്കോടതിയിൽ ആരോപിച്ചിരുന്നു.
അതേസമയം, കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാർഡ് അനധികൃതമായി തുറന്നതുവഴി നിർണായകമായ തെളിവു നശിപ്പിക്കാനുള്ള കൃത്യമായ ശ്രമമാണു നടന്നതെന്നാണ് അതിജീവിതയുടെ വാദം. സാമൂഹമാധ്യമ അക്കൗണ്ടുകളുള്ള മൊബൈൽ ഫോണിൽ മെമ്മറി കാർഡ് ഇട്ടിട്ടുണ്ടെന്നും ശാസ്ത്രീയമായ അന്വേഷണം വേണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു.