അനധികൃത സ്വത്ത് സമ്പാദനക്കേസ്: ടോമിൻ ജെ തച്ചങ്കരി കുറ്റക്കാരനെന്ന് കോടതി

 

ഔദ്യോഗിക പദവിയിലിരിക്കെ വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിൽ മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി കുറ്റക്കാരനാണെന്ന് കോട്ടയം വിജിലൻസ് കോടതി വിധിച്ചു. 2003 ജനുവരി മുതൽ 2007 ജൂലൈ വരെയുള്ള കാലയളവിൽ 64.70 ലക്ഷം രൂപയുടെ (135.80 ശതമാനം) അനധികൃത സ്വത്ത് സമ്പാദിച്ചെന്ന കേസാണിത്. ബോബി കുരുവിള നൽകിയ പരാതിയിൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം പൂർത്തിയാക്കി 2013-ലാണ് വിജിലൻസ് കുറ്റപത്രം സമർപ്പിച്ചത്.

ഉച്ചയ്ക്ക് രണ്ട് മണിക്ക് ശിക്ഷ പ്രഖ്യാപിക്കാനിരിക്കെ, പദവി ദുരുപയോഗം ചെയ്ത പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. എന്നാൽ തനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായ ആളാണെന്നും തച്ചങ്കരി കോടതിയെ അറിയിച്ചു.

ആഭ്യന്തരവകുപ്പ് മുൻ ജോയിന്റ് സെക്രട്ടറി ഉൾപ്പെടെയുള്ള പ്രോസിക്യൂഷൻ സാക്ഷികളെയും മുൻ അഡീഷണൽ ചീഫ് സെക്രട്ടറി, മുൻ അഡീഷണൽ ഡിജിപി ഉൾപ്പെടെയുള്ള പ്രതിഭാഗം സാക്ഷികളെയും കേസിൽ വിസ്തരിച്ചിരുന്നു.