അനധികൃത സ്വത്ത് സമ്പാദന കേസ്; ക്ലീൻ ചിറ്റ് റദ്ദാക്കിയ വിജിലൻസ് കോടതി വിധിക്കെതിരെ എഡിജിപി എം ആർ അജിത് കുമാർ ഹൈക്കോടതിയിൽ

 

അനധികൃത സ്വത്തുസമ്പാദന പരാതിയിൽ തനിക്ക് ക്ലീൻ ചിറ്റ് നൽകിയ അന്വേഷണ റിപ്പോർട്ട് പ്രത്യേക വിജിലൻസ് കോടതി തള്ളിയ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എഡിജിപി എം.ആർ. അജിത്കുമാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. വിജിലൻസ് റിപ്പോർട്ട് പരിശോധിക്കാതെയാണ് വിജിലൻസ് കോടതി ക്ലീൻചിറ്റ് തള്ളിയത്. റിപ്പോർട്ടിലെ വസ്തുതകൾ പരിശോധിക്കാതെയാണ് കോടതി ഇത്തരത്തിലൊരു നടപടി സ്വീകരിച്ചിരിക്കുന്നതെന്നും അജിത് കുമാർ നൽകിയ ഹർജിയിൽ പറയുന്നു. ഹർജി നാളെ ഹൈക്കോടതി പരിഗണിച്ചേക്കും

അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകിയ വിജിലൻസ് നടപടിയെ രൂക്ഷമായി വിമർശിച്ചുകൊണ്ടായിരുന്നു പ്രത്യേക വിജിലൻസ് കോടതി ജഡ്ജി എം. മനോജ് റിപ്പോർട്ട് തള്ളിയിരുന്നത്.ഉന്നത ഉദ്യോഗസ്ഥനെതിരേ എങ്ങനെയാണ് കീഴുദ്യോഗസ്ഥന് കേസ് അന്വേഷിക്കാനാകുകയെന്നും കോടതി ചോദിച്ചു. ഉന്നത ഉദ്യോഗസ്ഥനെ ബോധപൂർവം രക്ഷിക്കാനുള്ള നിയമവിരുദ്ധ നടപടിയാണ് അന്വേഷണ ഉദ്യോഗസ്ഥനിൽനിന്നുണ്ടായത്.കേസിന്റെ പ്രാഥമിക അന്വേഷണം സത്യസന്ധനായ ഒരു ഉദ്യോഗസ്ഥനെക്കൊണ്ട് നടത്തണമെന്നും കോടതി നിർദേശിച്ചിരുന്നു.കോടതിയിൽ എത്തിയിട്ടുള്ള രേഖകൾ പരിശോധിച്ചാൽ അന്വേഷണത്തിനാവശ്യമായ എല്ലാ തെളിവുകളുമുണ്ടെന്നും കോടതി വ്യക്തമാക്കി.
പരാതിക്കാരെ കേൾക്കാനോ മൊഴിയെടുക്കാനോ അന്വേഷണ ഉദ്യോഗസ്ഥൻ തയ്യാറായില്ലെന്ന ഗുരുതരവീഴ്ചയും കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടിയിരുന്നു.