കേരള സർവകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പിനിടെ തർക്കം;  ചേമ്പറിൽ വാക്കേറ്റവും ബഹളവും 

 


കേരള സർവകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പിനിടെ തർക്കം. കോടതിയിലുള്ള കേസുകളിലെ വിധി വന്ന ശേഷമേ വോട്ട് എണ്ണാൻ കഴിയൂ എന്ന വൈസ് ചാൻസലറുടെ നിലപാടിൽ പ്രതിഷേധിച്ചാണ് ഇടത് സംഘടനകളുടെ തർക്കം. 9 സീറ്റിലേക്കാണ് സിൻഡിക്കേറ്റിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണൽ ഇന്ന് വേണമെന്ന് ഇടത് സംഘടകൾ ആവശ്യപ്പെട്ട് രം​ഗത്തെത്തിയതോടെ ചേമ്പറിൽ വാക്കേറ്റവും ബഹളവുമുണ്ടായി. വിസിക്കെതിരെ എസ്എഫ്ഐ നടത്തിയ പ്രതിഷേധം പൊലീസ് ഗേറ്റിൽ തടഞ്ഞതോടെ സർവ്വകലാശാല ഗേറ്റിൽ സംഘർഷമുണ്ടായി. എസ്എഫ്ഐ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തുംതള്ളും വാക്കേറ്റവുമുണ്ടായി. നിലവിൽ പ്രതിഷേധം തുടരുകയാണ്. 

ഇന്ന് രാവിലെ 8 മണി മുതൽ 10 മണി വരെയായിരുന്നു കേരള സർവ്വകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പ്. 12 സീറ്റിലേക്ക് വിജ്ഞാപനം ഇറങ്ങിയെങ്കിലും 9 സീറ്റിലേക്കായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. എന്നാൽ ഇന്ന് തന്നെ പ്രഖ്യാപനം കഴിയില്ലെന്ന് വിസി നിലപാടെടുത്തതോടെ തർക്കമായി. റിട്ടേണിം​ഗ് ഓഫീസർ ഇന്ന് പ്രഖ്യാപനം വേണമെന്നും ആവശ്യപ്പെട്ടു. 15 വോട്ടുകളെ സംബന്ധിച്ച് നിലവിൽ തർക്കമുണ്ട്. ഇത് ചോദ്യം ചെയ്തു കൊണ്ട് എസ്എഫ്ഐയും ബിജെപി പ്രവർത്തകരും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ കേസ് ഇന്ന് പരി​ഗണിക്കുന്നുണ്ട്. കേസിൽ വിധി വന്നശേഷം ഫലപ്രഖ്യാപനം മതിയെന്നാണ് വിസിയുടേയും കോൺ​ഗ്രസിൻ്റേയും മറ്റു പാർട്ടികളുടേയും ആവശ്യം. എന്നാൽ ഇന്ന് തന്നെ ഫലപ്രഖ്യാപനം വേണമെന്ന് ഇടതുസംഘടനകൾ ആവശ്യപ്പെട്ടു. സർവ്വകലാശാലയിൽ നിന്ന് പുറത്തേക്ക് പോകാനിരുന്ന വിസിയെ ഘരാവോ ചെയ്യുകയാണ് നിലവിൽ പ്രതിഷേധക്കാർ. വിസിയെ സർവ്വകലാശാല ആസ്ഥാനം വിട്ടുപോവാൻ സമ്മതിക്കില്ലെന്നാണ് ഇടുസംഘടനകൾ പറയുന്നത്.