അമ്മയിൽ തർക്കം രൂക്ഷം; ഭരണസമിതി രാജിവച്ചു

 

താരസംഘടനയായ അമ്മയുടെ ജനറൽ വാർഷിക ബോഡി യോഗത്തിൽ തർക്കം രൂക്ഷമായതിനെ തുടർന്ന് അമ്മയുടെ ഭരണസമിതി രാജിവെച്ചു. പ്രസിഡന്റ് ശ്വേത മേനോൻ, ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ തുടങ്ങി എല്ലാ അംഗങ്ങളും രാജിവെച്ചു.ഇന്ന് രാവിലെ തുടങ്ങിയ 'അമ്മ'യുടെ ജനറൽ ബോഡി യോഗത്തിൽ വാർഷിക റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും പാസാക്കുന്നതിനെച്ചൊല്ലി അംഗങ്ങള്‍ തമ്മിൽ തർക്കങ്ങൾ നിലനിന്നിരുന്നുതർക്കം രൂക്ഷമായതോടെ അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെക്കുകയാണെന്ന് ശ്വേത മേനോൻ വൈകാരികമായി പ്രഖ്യാപിച്ചിരുന്നു. യോഗത്തിനിടെ സ്റ്റേജിൽ കയറിയാണ് ശ്വേത രാജി പ്രഖ്യാപിച്ചത്. തുടർന്ന് സ്റ്റേജിൽ നിന്നും ഇറങ്ങിപ്പോയ ശ്വേതയെ നടൻ ബാബുരാജിന്റെ നേതൃത്വത്തിൽ മുതിർന്ന അംഗങ്ങൾ ചേർന്ന് അനുനയിപ്പിക്കാനും തിരികെ വിളിക്കാനും ശ്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഭരണസമിതി ഒന്നാകെ രാജിവെച്ചത്.

ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ അവതരിപ്പിച്ച വാർഷിക റിപ്പോർട്ടിലെ വരവ് ചെലവ് കണക്കുകളിൽ വ്യക്തതയില്ലെന്ന് ആരോപിച്ച് സിദ്ധിഖ്, ബാബുരാജ്. ഇടവേള ബാബു എന്നിവരടങ്ങുന്ന പ്രമുഖർ റിപ്പോർട്ട് പാസാക്കാൻ സമ്മതിക്കാതെ രംഗത്തെത്തി. കണക്കുകളിൽ പിഴവുകളുള്ള റിപ്പോർട്ട് അംഗീകരിക്കാൻ കഴിയില്ലെന്ന് രഞ്ജി പണിക്കരും വ്യക്തമാക്കിയതോടെയാണ് യോഗം കലുഷിതമായത്. തുടർന്ന് വിഷയം പഠിക്കാൻ 45 ദിവസത്തെ സമയം വേണമെന്ന് പ്രസിഡന്റ് ശ്വേത മേനോൻ ആവശ്യപ്പെട്ടിരുന്നു. തർക്കത്തെത്തുടർന്ന് ഉച്ചയ്ക്ക് ശേഷവും റിപ്പോർട്ട് പാസാക്കാനുള്ള തീവ്രശ്രമങ്ങൾ-തുടരുന്നതിനിടെയാണ് ശ്വേത രാജി പ്രഖ്യാപിച്ചത്.

സംഘടനയിലെ പ്രശ്നത്തിൽ മോഹൻലാൽ നിലപാട് വ്യക്തമാക്കണമെന്ന് ഗണേഷ് കുമാർ ആവശ്യപ്പെട്ടു. സംഘടനയെ തകർക്കാൻ ആർക്കും കഴിയില്ലെന്ന് മോഹൻലാൽ പറഞ്ഞു. മറ്റു കാര്യങ്ങൾ ജനറൽ ബോഡി തീരുമാനിക്കട്ടെയെന്നും മോഹൻലാൽ പറഞ്ഞു.അതേസമയം വലിയ യുവതാരനിര തന്നെ യോഗത്തിൽ നിന്നും വിട്ടുനിന്നു. ആസിഫ് അലി, പൃഥ്വിരാജ്, ടോവിനോ, കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ബേസിൽ ജോസഫ്, ദുൽഖർ സൽമാൻ, ഉണ്ണി മുകുന്ദൻ എന്നിവർ യോഗത്തിനെത്തിയില്ല. പ്രസിഡന്റ്, ജനറൽ സെക്രട്ടറി സ്ഥാനങ്ങളിലേക്ക് വനിതകൾ എത്തിയശേഷമുള്ള ആദ്യ വാർഷിക ജനറൽ ബോഡി യോഗമാണ് ഇന്ന് നടന്നത്