കാളവണ്ടിക്ക് വഴി നൽകുന്നതിനെ ചൊല്ലി തർക്കം: പാലക്കാട് യുവാവിനെ കുത്തിക്കൊന്നു

 

കാളവണ്ടിയുമായി പോകുന്നതിനിടെ ബൈക്കിന് വഴി നൽകിയില്ലെന്ന തർക്കത്തെ തുടർന്ന് യുവാവ് കുത്തേറ്റ് മരിച്ചു. പാലക്കാട് കൊഴിഞ്ഞാമ്പാറ ഒഴലപ്പതിയിൽ നടന്ന സംഭവത്തിൽ കെരാംപാറ സ്വദേശി ഷെഫീഖ് (24) ആണ് കൊല്ലപ്പെട്ടത്.

റോഡിലൂടെ കാളവണ്ടിയുമായി പോവുകയായിരുന്ന നെൽസൺ, ജെൻസൺ എന്നിവരുമായി ഷെഫീഖ് വഴി നൽകുന്നതിനെ ചൊല്ലി തർക്കത്തിലേർപ്പെടുകയായിരുന്നു. തുടർന്ന് ഉയർന്ന വാക്കേറ്റം സുഹൃത്തുക്കൾ ഇടപെട്ട് താൽക്കാലികമായി പരിഹരിച്ചെങ്കിലും, പിന്നീട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഷെഫീഖിനെ പ്രതികളും സംഘവും തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു.

കുത്തേറ്റ് ഗുരുതരാവസ്ഥയിലായ ഷെഫീഖിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ കൊഴിഞ്ഞാമ്പാറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും പ്രതികളായ നെൽസൺ, ജെൻസൺ എന്നിവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.