ക്ലീനറുമായുള്ള തർക്കം; നടുറോഡിൽ ബസ് നിർത്തി ഡ്രൈവർ ഇറങ്ങിപ്പോയി
Sep 8, 2026, 14:12 IST
കൊച്ചി ഇടപ്പള്ളി ജംഗ്ഷന് സമീപം സ്വകാര്യ ബസ് നടുറോഡിൽ ഉപേക്ഷിച്ച് ഡ്രൈവർ ഇറങ്ങിപ്പോയി. ഇതോടെ റോഡിൽ ഗതാഗതക്കുരുക്കിന് കാരണമായി. കളമശ്ശേരി-തേവര റൂട്ടിൽ സർവീസ് നടത്തുന്ന കൃതിക ബസിന്റെ ഡ്രൈവറാണ് ക്ലീനറുമായുണ്ടായ തർക്കത്തെ തുടർന്ന് യാത്രക്കാരുമായി വന്ന ബസ് റോഡിന്റെ മധ്യഭാഗത്ത് നിർത്തിയിട്ട് ഇറങ്ങിപ്പോയത്.
ബസ് വലതുവശം ചേർത്ത് നിർത്തിയതിനാൽ പ്രദേശത്ത് ഗതാഗതം തടസ്സപ്പെട്ടു. ഡ്രൈവിംഗ് അറിയാത്തതിനാൽ ക്ലീനർക്ക് ബസ് മാറ്റിയിടാൻ സാധിച്ചില്ല.തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥരാണ് ബസ് റോഡരികിലേക്ക് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്. സംഭവത്തിൽ ഡ്രൈവർക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. ഇയാൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.