ബിജെപി ഓഫീസിൽ ദേശീയപതാകയോട് അനാദരവെന്ന് പരാതി; ദൃശ്യങ്ങൾ പ്രചരിക്കുന്നു

 

ബിജെപി കാസർകോട് ജില്ലാ ഓഫീസിൽ ദേശീയപതാകയോട് അനാദരവ് കാട്ടിയെന്ന് പരാതി. ഓഫീസിന്റെ ഒരു ഭാഗത്ത് ദേശീയപതാകകൾ കൂട്ടിയിട്ട നിലയിലുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കുമ്പളയിൽ ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച തിരംഗ യാത്രയ്ക്ക് ശേഷം ഉപയോഗിച്ച പതാകകളാണ് ഓഫീസിന്റെ ഒരു മൂലയിൽ മടക്കിവെക്കാതെ അലക്ഷ്യമായി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതെന്നാണ് ആരോപണം.

ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ സംഭവത്തിൽ കടുത്ത വിമർശനം ഉയർന്നു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന പൊലീസ് മേധാവിക്കും ഡിവൈഎഫ്‌ഐ പരാതി നൽകി.