രോഗിയോട് കയർത്തു സംസാരിച്ചു: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്ക് സ്ഥലംമാറ്റം

 

ചികിത്സ തേടിയെത്തിയ രോഗിയോട് അസഭ്യവും മോശവുമായി പെരുമാറിയ സംഭവത്തിൽ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ അസിസ്റ്റന്റ് സർജൻ ഡോ. രേഖ കെ. കൃഷ്ണനെതിരെ ആരോഗ്യ വകുപ്പിന്റെ അച്ചടക്ക നടപടി. ഡോക്ടറെ തെന്മല പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് (PHC) സ്ഥലം മാറ്റി ഉത്തരവിറക്കി. ജില്ലാ മെഡിക്കൽ ഓഫീസർ (DMO) സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നടപടി.

പനിയും ശരീരവേദനയുമായി അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടിയെത്തിയ രോഗിയോടാണ് ഡോക്ടർ രേഖ കൃഷ്ണൻ മോശമായി സംസാരിച്ചത്. "പനിയും ശരീരവേദനയും എമർജൻസിയല്ല, പാതിരാത്രി കഴിഞ്ഞ് തുറന്നുവെച്ചിരിക്കുന്നത് നിങ്ങൾക്ക് ഓടിക്കയറാനല്ല, ഇത് തോന്നിവാസമാണ്" എന്ന് ഡോക്ടർ രോഗിയോടും കൂടെയെത്തിയവരോടും കയർക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയും വൻ പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തിരുന്നു.

സംഭവം വിവാദമായതിനെ തുടർന്ന് ഡോക്ടറെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിക്കുകയും വിജിലൻസ് അന്വേഷണവും കാരണം കാണിക്കൽ നോട്ടീസും നൽകുകയും ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഡോക്ടറുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച സംഭവിച്ചതായി ഡി.എം.ഒ സ്ഥിരീകരിക്കുകയായിരുന്നു. ഭാവിയിൽ ഇവർക്ക് തുടർച്ചയായി ഡേ-നൈറ്റ് ഡ്യൂട്ടികൾ നൽകരുതെന്നും അന്വേഷണ റിപ്പോർട്ടിൽ നിർദേശമുണ്ട്.