പാലക്കാട് മെഡിക്കൽ കോളജിൽ ഡോക്ടർമാരുടെ സമരം നാലാം ദിനത്തിൽ; തെരുവ് നാടകവുമായി പ്രതിഷേധം
പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളജിൽ ഡോക്ടർമാർ നടത്തുന്ന അനിശ്ചിതകാല സമരം നാലാം ദിവസത്തിലേക്ക് കടന്നു. മെഡിക്കൽ കോളജ് ഡയറക്ടർ നൽകിയ ഒത്തുതീർപ്പ് ഉറപ്പുകൾ പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് ഡോക്ടർമാർ സമരം ശക്തമാക്കിയത്. ആശുപത്രിയിലെ രൂക്ഷമായ മരുന്ന് ക്ഷാമം പരിഹരിക്കുക, തകരാറിലായ എക്സ്-റേ, ലബോറട്ടറി സൗകര്യങ്ങൾ അടിയന്തരമായി സജ്ജമാക്കുക തുടങ്ങിയ ആവശ്യങ്ങളിൽ രേഖാമൂലമുള്ള ഉറപ്പ് ലഭിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് സമരക്കാർ.
അത്യാഹിത വിഭാഗത്തിലേക്ക് അടിയന്തരമായി ആവശ്യമായ ജീവൻരക്ഷാ മരുന്നുകൾ എത്തിക്കാമെന്ന് അധികൃതർ ഉറപ്പു നൽകിയിരുന്നെങ്കിലും തുടർനടപടികളൊന്നും ഉണ്ടായില്ലെന്ന് ഡോക്ടർമാർ ആരോപിക്കുന്നു. പ്രശ്നപരിഹാരത്തിന് വകുപ്പ് മന്ത്രി നേരിട്ടെത്തണമെന്ന് ഡോക്ടർമാർ ആവശ്യപ്പെട്ടു. സമരം ഒത്തുതീർപ്പാക്കാൻ എത്തിയ വി.കെ. ശ്രീകണ്ഠൻ എം.പിയുമായി ഡോക്ടർമാർ നടത്തിയ ചർച്ചയും തർക്കത്തിൽ കലാശിച്ചിരുന്നു.
മെഡിക്കൽ കോളജിൽ രോഗികൾ അനുഭവിക്കുന്ന ദുരിതങ്ങളും ഭരണനേതൃത്വത്തിന്റെ അവഗണനയും തുറന്നുകാട്ടി ഡോക്ടർമാർ ആശുപത്രി കവാടത്തിന് മുന്നിൽ തെരുവ് നാടകം അവതരിപ്പിച്ചു. വിവിധ രാഷ്ട്രീയ-സാമൂഹിക സംഘടനകൾ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ സമരം കളക്ടറേറ്റിന് മുന്നിലേക്കും നഗരത്തിലേക്കും വ്യാപിപ്പിക്കാനാണ് ഡോക്ടർമാരുടെ തീരുമാനം.