ലഹരികേസ് പ്രതികളായ സ്ത്രീകളുടെ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കരുത്: എക്സൈസ് ഉദ്യോഗസ്ഥർക്ക് പുതിയ മാർഗനിർദേശം

 

ലഹരിക്കേസുകളിൽ പ്രതികളാകുന്ന സ്ത്രീകളുടെ ചിത്രങ്ങളോ വീഡിയോകളോ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കരുതെന്ന് എക്സൈസ് ഉദ്യോഗസ്ഥർക്ക് കർശന നിർദേശം. ഉദ്യോഗസ്ഥർ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നത് സംബന്ധിച്ച് എക്‌സൈസ് കമ്മീഷണർ പുറത്തിറക്കിയ പുതിയ മാർഗനിർദേശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

പ്രതികളായ സ്ത്രീകളുടെയും സാക്ഷികളുടെയും സ്വകാര്യത തികച്ചും സംരക്ഷിക്കപ്പെടണം. ഇതിനായി അവരുടെ ദൃശ്യങ്ങൾ ഔദ്യോഗികമോ അനൗദ്യോഗികമോ ആയ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെക്കാൻ പാടില്ല. കൂടാതെ, കേസന്വേഷണത്തെയോ പ്രോസിക്യൂഷൻ നടപടികളെയോ ബാധിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങൾ പ്രചരിപ്പിക്കരുതെന്നും, സോഷ്യൽ മീഡിയയ്ക്കായി മാത്രം പ്രത്യേകമായി ചിത്രീകരിക്കുന്ന ദൃശ്യങ്ങൾ നിയമപരമായ തെളിവായി കരുതാനാവില്ലെന്നും നിർദേശത്തിൽ പറയുന്നു.

എക്സൈസ് ഉദ്യോഗസ്ഥർ അഡ്മിൻമാരായുള്ള സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലോ പേജുകളിലോ സർക്കാരിനെയോ വകുപ്പിനെയോ വിമർശിക്കുന്ന പോസ്റ്റുകൾ വരുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ഉത്തരവ് വ്യക്തമാക്കുന്നു.