പിതാവിനെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുത്; അഭ്യർഥനയുമായി മകൻ ചാണ്ടി ഉമ്മൻ

 
അന്തരിച്ച തന്റെ പിതാവ് ഉമ്മൻ ചാണ്ടിയെ വിവാദത്തിൽ ഉൾപ്പെടുത്തരുതെന്ന അഭ്യർഥനയുമായി മകനും പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർഥിയുമായ ചാണ്ടി ഉമ്മൻ. പിതാവിന്റെ മരണാനന്തര ചടങ്ങു പോലും ഇതുവരെ തീർന്നിട്ടില്ല. അദ്ദേഹത്തെക്കുറ്റിച്ച് ഒന്ന് ഓർക്കാൻപോലും ഇതുവരെ സമയം കിട്ടിയിട്ടില്ല. പിതാവിനെക്കുറിച്ച് ആര് എന്തു പറ‍ഞ്ഞാലും പ്രതികരിക്കാനില്ല. അദ്ദേഹത്തെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് മാത്രമാണ് അഭ്യർഥനയെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
ഉമ്മൻ ചാണ്ടിയെ പുണ്യാളനായി ചിത്രീകരിക്കുന്നതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സിപിഎം പറഞ്ഞതിനെ കുറിച്ച് മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ചാണ്ടി ഉമ്മൻ. എൽഡിഎഫ് സ്ഥാനാർഥിയായി ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായ നിബുവിനെ പരിഗണിച്ച കാര്യം തനിക്കും കേട്ടറിവ് മാത്രമേയുള്ളൂവെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി. ബിജെപി സ്ഥാനാർഥിയായി അനിൽ ആന്റണി എത്തുന്നത് സൂചിപ്പിച്ചെങ്കിലും, ചാണ്ടി ഉമ്മൻ പ്രതികരിച്ചില്ല.
‘‘ഇവിടെ തിരഞ്ഞെടുപ്പു നടക്കാനുണ്ടായ സാഹചര്യം നിങ്ങൾക്കറിയാം. എന്റെ പിതാവിന്റെ ചടങ്ങു പോലും തീർന്നിട്ടില്ല. അതുകൊണ്ട്, ഞാൻ ഒരു വിവാദത്തിനുമില്ല. ആര് എന്തു പറഞ്ഞാലും ഞങ്ങൾക്ക് ആരോടും യാതൊരു പ്രശ്നവുമില്ല. എന്റെ പിതാവ് എന്നെ സംബന്ധിച്ച് ആരാണെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിനെതിരായ പ്രചാരണങ്ങളിൽ ആരോടും ഒന്നും പറയാനില്ല. ദയവു ചെയ്ത് വിവാദമാക്കരുതെന്ന അഭ്യർഥനയാണ് എനിക്കുള്ളത്. മൺപറഞ്ഞുപോയ ഒരാളെ അങ്ങനെയൊരു വിവാദത്തിൽ ഉൾപ്പെടുത്തരുത്’’ – ചാണ്ടി ഉമ്മൻ അഭ്യർത്ഥിച്ചു.
"എൽഡിഎഫ് സ്ഥാനാർഥി ആരായാലും അതു തീരുമാനിക്കാൻ അവർക്കു സ്വാതന്ത്ര്യമില്ലേ. അവരുടെ സ്ഥാനാർഥി ആരാകണമെന്ന് അവർ തീരുമാനിക്കട്ടെ. അതിനകത്ത് നമ്മളെന്തിനാണ് ഇടപെടുന്നത്? ഞങ്ങൾ ഞങ്ങളുടെ ദൗത്യവുമായി മുന്നോട്ടു പോകുന്നു. ഉമ്മൻ ചാണ്ടിയുമായി ബന്ധപ്പെട്ടയാൾ എൽഡിഎഫ് സ്ഥാനാർഥിയാകുമെന്ന് ഇന്നലെയാണ് ആരോ എന്നോടു പറഞ്ഞത്. പേരു പോലും പറഞ്ഞില്ല. ഇന്നിതാ ഒരു പേരുമായി വരുന്നു. ഇങ്ങനെ വിവാദങ്ങളുണ്ടാക്കുന്നത് എന്തിനാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഇവിടെ യാതൊരു പ്രശ്നവുമില്ല’’ – ചാണ്ടി ഉമ്മൻ വ്യക്തമാക്കി.