'സ്വന്തം ഭാര്യ പോലും വോട്ട് ചെയ്യാത്തയാൾക്ക് സീറ്റ് നൽകരുത്'; എ. തങ്കപ്പനെതിരെ പാലക്കാട് വ്യാപക പോസ്റ്ററുകൾ
നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ പുരോഗമിക്കവെ ഡി.സി.സി പ്രസിഡന്റ് എ. തങ്കപ്പനെതിരെ പ്രതിഷേധം ശക്തമാകുന്നു. 'സ്വന്തം ഭാര്യ പോലും വോട്ട് ചെയ്യാത്ത തങ്കപ്പന് സീറ്റ് നൽകരുത്' എന്നാവശ്യപ്പെട്ടാണ് പാലക്കാട് ഡി.സി.സി ഓഫീസ് പരിസരത്ത് വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. സാധാരണ വെള്ളപ്പേപ്പറിൽ പേന കൊണ്ട് എഴുതിയ നിലയിലാണ് പോസ്റ്ററുകൾ പതിച്ചിട്ടുള്ളത്.
കഴിഞ്ഞ ദിവസം കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷിയുമായി നടത്തിയ ചർച്ചയിൽ കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ തങ്കപ്പന്റെ പേര് നിർദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടിയിൽ തന്നെ ഭിന്നത രൂക്ഷമായത്. പാർട്ടി ഓഫീസിനായി വാങ്ങിയ സ്ഥലം മറിച്ചുവിറ്റ അഴിമതിക്കാരനായ തങ്കപ്പനെ പുറത്താക്കണമെന്നും ചില പോസ്റ്ററുകൾ ആവശ്യപ്പെടുന്നു.
പാലക്കാട് മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നു എന്ന വാർത്തകൾ പുറത്തുവന്നതോടെ തങ്കപ്പനെതിരെ സൈബർ ഇടങ്ങളിലും വലിയ രീതിയിലുള്ള ആക്രമണമാണ് നടക്കുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് സാഹചര്യങ്ങൾ ഉയർത്തിക്കാട്ടിയാണ് 'ഭാര്യ പോലും വോട്ട് ചെയ്തില്ല' എന്ന ആരോപണം ഉയർത്തുന്നത്. സ്ഥാനാർത്ഥി നിർണ്ണയത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ പാർട്ടിയിൽ ഉടലെടുത്ത ഈ പോസ്റ്റർ യുദ്ധം നേതൃത്വത്തിന് തലവേദനയായി മാറിയിട്ടുണ്ട്.