'മതം വ്യാഖ്യാനിക്കേണ്ട, മുഖ്യമന്ത്രി ഭരണം നടത്തിയാൽ മതി'; കാന്തപുരത്തെ തള്ളിയ വി.ഡി. സതീശനെതിരെ എ.പി വിഭാഗം സുന്നി സംഘടനകൾ
സ്ത്രീകളുടെ പൊതുരംഗ പ്രവേശനം സംബന്ധിച്ച് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ നടത്തിയ പ്രസ്താവനയെ വിമർശിച്ച മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ എ.പി വിഭാഗം സുന്നികളുടെ യുവജന-വിദ്യാർഥി സംഘടനകൾ രംഗത്ത്. മതം വ്യാഖ്യാനിക്കാൻ നിൽക്കാതെ മുഖ്യമന്ത്രി ഭരണം നടത്താൻ ശ്രദ്ധിക്കണമെന്ന് സമസ്ത കേരള സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ (SSF) ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ ആവശ്യപ്പെട്ടു. 'മതം വ്യാഖ്യാനിക്കലല്ല സ്റ്റേറ്റിന്റെ ധർമ്മം, മുഖ്യമന്ത്രി ഭരണം നടത്തുക' എന്നായിരുന്നു എസ്.എസ്.എഫിന്റെ കുറിപ്പ്.
വിഷയത്തിൽ മുഖ്യമന്ത്രിയെ വിമർശിച്ചുകൊണ്ട് എസ്.വൈ.എസ് (SYS) നേതാവ് റഹ്‌മത്തുള്ള സഖാഫിയും രംഗത്തെത്തി. പ്രതിപക്ഷത്തെയും ബി.ജെ.പിയെയും ഭയന്നാണ് മുഖ്യമന്ത്രി ഇത്തരമൊരു പ്രസ്താവന നടത്തിയതെന്ന് അദ്ദേഹം ആരോപിച്ചു. കാന്തപുരം ഉസ്താദിന്റെ ആറു പതിറ്റാണ്ടിലേറെ നീണ്ട സ്ത്രീ സമുദ്ധാരണ ചരിത്രം മറച്ചുവെച്ചാണ് വിമർശനം ഉന്നയിക്കുന്നതെന്നും, അന്യപുരുഷന്മാരുമായി അനിയന്ത്രിതമായി ഇടകലർന്നുള്ള രംഗപ്രവേശമാണ് നാശത്തിന് കാരണമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയതെന്നും നേതാവ് വ്യക്തമാക്കി.
കേരളത്തിൽ നിലവിലുള്ള സ്ത്രീപീഡന കേസുകളുടെ വർധനവ് ചൂണ്ടിക്കാട്ടിയാണ് എസ്.വൈ.എസ് നേതാവ് മതനേതാക്കളുടെ നിലപാടിനെ ന്യായീകരിച്ചത്. രാജ്യത്ത് വനിതാ പ്രസിഡന്റും നിരവധി വനിതാ ജഡ്ജിമാരും പൊലീസിലും പട്ടാളത്തിലും സ്ത്രീസാന്നിധ്യവും ശക്തമായ നിയമങ്ങളും ഉണ്ടായിട്ടും സ്ത്രീപീഡനങ്ങളുടെ തോത് ഉയർന്നുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം കുറിച്ച്. അനിയന്ത്രിതമായ സ്ത്രീ-പുരുഷ സങ്കലനം ഇതിന് ഒരു കാരണമാണെന്ന മതനേതാക്കളുടെ വീക്ഷണം യാഥാർത്ഥ്യ ബോധത്തോടെ പരിശോധിക്കുന്നതിന് പകരം, മാധ്യമ അജണ്ടകൾക്ക് തലവെച്ച് ബാലിശമായ പ്രസ്താവനകൾ നടത്തുന്നത് ഖേദകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.