'വിദ്യാർഥി വേട്ട നടത്തി രക്ഷപ്പെടാമെന്ന് കരുതേണ്ട, കീഴടങ്ങാൻ മനസ്സില്ല': എം.വി. ഗോവിന്ദൻ
സർവകലാശാലാ ഹോസ്റ്റലിൽ കയറി വിദ്യാർഥികൾക്ക് നേരെ നടന്ന ആക്രമണത്തിലും പോലീസ് നടപടിയിലും പ്രതിഷേധിച്ച് സംസ്ഥാനത്തുടനീളം ശക്തമായ പ്രക്ഷോഭവുമായി ഇടത് സംഘടനകൾ. കോളേജ് തിരഞ്ഞെടുപ്പിൽ എസ്.എഫ്.ഐ നേടിയ ചരിത്രവിജയത്തിൽ അസ്വസ്ഥരായ കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബോധപൂർവം ആസൂത്രണം ചെയ്താണ് യൂണിവേഴ്‌സിറ്റി കോമ്പൗണ്ടിലേക്കും ഹോസ്റ്റലിലേക്കും കടന്നാക്രമണം നടത്തിയതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു.
തീ അണയ്ക്കാൻ സഹായിക്കാനെത്തിയ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി സജീവൻ ഉൾപ്പെടെയുള്ള വിദ്യാർഥികളെ പോലീസ് ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്നും പരിക്കേറ്റവരെ ആശുപത്രിയിലാക്കാൻ ആംബുലൻസ് പോലും അനുവദിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
യാതൊരു പ്രകോപനവുമില്ലാതെ വിദ്യാർഥികളെ മർദ്ദിച്ച സർക്കിൾ ഇൻസ്‌പെക്ടർക്കും എസ്.ഐക്കുമെതിരെ കടുത്ത നടപടി വേണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, ലാത്തിച്ചാർജ് കൊണ്ടോ അടിച്ചമർത്തലുകൾ കൊണ്ടോ വിദ്യാർഥി പ്രസ്ഥാനത്തെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാമെന്ന് കരുതേണ്ടെന്നും യു.ഡി.എഫ് നേതൃത്വത്തിനെതിരെ പ്രക്ഷോഭം ശക്തമാക്കുമെന്നും വ്യക്തമാക്കി.