ഡോ. വി മീനാക്ഷി ആരോഗ്യവകുപ്പ് ഡയറക്ടര്‍

 

ആരോഗ്യവകുപ്പ് ഡയറക്ടറായി ഡോ. വി. മീനാക്ഷിയെ നിയമിക്കാൻ സർക്കാർ തീരുമാനം. ഡയറക്ടർ സ്ഥാനത്തേക്ക് സ്ഥിര നിയമനം നടത്താൻ സർക്കാർ നിയോഗിച്ച സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് ഉടൻ പുറത്തിറങ്ങും.

യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെയാണ് ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനവുമായി ബന്ധപ്പെട്ട് തർക്കം ഉടലെടുത്തത്. മുൻ ഡയറക്ടർ ഡോ. കെ.ജെ. റീനയെ മാറ്റിയ ശേഷമാണ് ഡോ. വി. മീനാക്ഷിക്ക് താൽക്കാലിക ചുമതല നൽകിയത്. നിലവിൽ ഡയറക്ടറുടെ താൽക്കാലിക ചുമതല വഹിച്ചുവരികയായിരുന്നു മീനാക്ഷി.

പകർച്ചവ്യാധി വ്യാപനത്തിനിടെ ഡോ. റീന 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചിരുന്നതായും സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ഹെൽത്ത് സർവീസ് ഡയറക്ടർ സ്ഥാനത്ത് റീന മൂന്ന് വർഷം പൂർത്തിയാക്കിയ സാഹചര്യത്തിൽ സ്ഥിര ഡയറക്ടറെ നിയമിക്കുന്നതിനുള്ള നടപടികൾ സർക്കാർ പരിഗണിച്ചുവരികയായിരുന്നുവെന്നും ഉത്തരവിലുണ്ടായിരുന്നു.