റോഡിലെ വെള്ളക്കെട്ടിൽ ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു; എടവണ്ണ- നിലമ്പൂർ റോഡ് നാട്ടുകാർ ഉപരോധിച്ചു

 
മലപ്പുറം എടവണ്ണയിൽ റോഡിലെ വെള്ളക്കെട്ടിൽ ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. വഴിക്കടവ് മണിമൂളി സ്വദേശി യൂനുസ് ആണ് മരിച്ചത്. റോഡ് നിർമ്മാണത്തിലെ ആശാസ്ത്രീയതയാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ച് നാട്ടുകാർ എടവണ്ണ നിലമ്പൂർ റോഡ് ഉപരോധിച്ചു. നിരവധി തവണ പൊതുമരാമത്ത് വകുപ്പിനും പോലീസിനും പരാതി നൽകിയങ്കിലും പരിഹാരം ഉണ്ടായിട്ടില്ലെന്നും നാട്ടുകാർ പരാതിപ്പെട്ടു. 
ഇന്ന് പുലർച്ചെ വിമാനത്താവളത്തിലേക്ക് യാത്രക്കാരുമായി പോകുമ്പോഴാണ് ഓട്ടോ മറിഞ്ഞത്. ബ്രേക്കിട്ടപ്പോൾ നിയന്ത്രണം വിട്ട് ഓട്ടോ വെള്ളക്കെട്ടിലേക്ക് മറിയുകയായിരുന്നു. ഓട്ടോയുടെ അടിയിൽപ്പെട്ട ഡ്രൈവറെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ മറ്റു യാത്രക്കാർ ആശുപത്രിയിലാണ്. ഇതേ സ്ഥലത്ത് മുൻപും സമാനമായ അപകടങ്ങൾ നടന്നിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.