എറണാകുളത്ത് ഡ്രൈവർ കിണറ്റിൽ വീണ് മരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ച് പൊലീസ്
May 10, 2026, 14:17 IST
എറണാകുളത്ത് ഡ്രൈവറെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കിളിമാനൂർ പുളിമാത്ത് സ്വദേശി പ്രവീൺ (38) ആണ് മരിച്ചത്.കിഴക്കമ്പലത്തിനടുത്തുള്ള ഊരക്കാട് പ്രദേശത്തെ സ്വകാര്യ അരിമില്ലിന് സമീപമുള്ള കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ ഏഴരയോടെയാണ് നാട്ടുകാർ മൃതദേഹം കണ്ടത്. തുടർന്ന് പൊലീസിനെയും അഗ്‌നിരക്ഷാസേനയെയും വിവരം അറിയിക്കുകയായിരുന്നു.
അരിമില്ലിലെ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു പ്രവീൺ. മൃതദേഹം പുറത്തെടുത്ത ശേഷം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.സംഭവത്തിൽ തടിയിട്ടപറമ്പ് പൊലീസ് അന്വേഷണം ആരംഭിച്ചു. മരണകാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.