ആഷിഖ് അബുവിനും റിമാ കല്ലിങ്കലിനുമെതിരായ ലഹരി പാർട്ടി പരാതി;  കൊച്ചി സിറ്റി പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങി

 

 


ആഷിഖ് അബുവിനും റിമാ കല്ലിങ്കലിനുമെതിരായ ലഹരി പാർട്ടി പരാതിയിൽ പ്രാഥമിക അന്വേഷണം തുടങ്ങി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് ലഭിച്ച പരാതിയിൽ പ്രാഥമിക അന്വേഷണം ആരംഭിച്ചു. കൊച്ചി സിറ്റി പൊലീസ് ആസ്ഥാനത്ത് ലഭിച്ച പരാതി  എ.സി.പിക്ക് കൈമാറി.

കൊച്ചിയിലെ ഫ്ളാറ്റില്‍ ലഹരി പാര്‍ട്ടി നടത്താറുണ്ടെന്ന ഗായിക സുചിത്രയുടെ ആരോപണത്തില്‍ സംവിധായകന്‍ ആഷിഖ് അബുവിനും നടി റിമ കല്ലിങ്കലിനുമെതിരെ യുവമോര്‍ച്ച നേരത്തെ പരാതി നല്‍കിയിരുന്നു. ഗായികയുടെ ആരോപണത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച എറണാകുളം ജില്ലാ കമ്മിറ്റിയാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത് .

ഗുരുതര ആരോപണമാണ് ഇരുവര്‍ക്കുമെതിരെ തെന്നിന്ത്യന്‍ ഗായിക ഉയര്‍ത്തിയത്. എറണാകുളം കലൂരില്‍ ഇവര്‍ നടത്തുന്ന സ്ഥാപനത്തിനെതിരെയും വ്യാപകമായ പരാതികള്‍ ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. ശക്തമായ നടപടി ഉണ്ടായില്ലെങ്കില്‍ ഒരു തലമുറയുടെ സര്‍വ്വനാശത്തിന് എല്ലാവരും ഉത്തരം പറയേണ്ടി വരും. ഗായികയുടെ പരാതി മൊഴിയായെടുത്ത് അന്വേഷണം നടത്തണം എന്നാണ് യുവമോര്‍ച്ച എറണാകുളം ജില്ലാ പ്രസിഡന്റ് വൈശാഖ് രവീന്ദ്രന്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.