ലഹരിവിൽപ്പനയും ഉപയോഗവും: യുവാക്കളുടെ പുനരധിവാസത്തിന് പുതിയ പദ്ധതിയുമായി സർക്കാർ

 

സംസ്ഥാനത്ത് ലഹരിവസ്തുക്കളുടെ ഉപയോഗത്തിലും വിൽപ്പനയിലും ഉൾപ്പെട്ട യുവാക്കളുടെ പുനരധിവാസത്തിനായി സർക്കാർ പുതിയ പദ്ധതി ആരംഭിക്കുന്നു. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന യുവാക്കളെ അതിൽ നിന്ന് പിന്തിരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നിലവിലുള്ള 'നേർവഴി' പദ്ധതിയുടെ ഭാഗമായാണ് പുതിയ നടപടി.ലഹരിവിമുക്തി ചികിത്സ, മാനസികാരോഗ്യ ചികിത്സ, കൗൺസലിങ്, നിയമസഹായം എന്നിവയ്‌ക്കൊപ്പം തൊഴിൽ പരിശീലനവും സംസ്ഥാന സാമൂഹ്യനീതി വകുപ്പ് നൽകും. 18 മുതൽ 25 വയസുവരെയുള്ള യുവാക്കൾക്കാണ് പദ്ധതിയിൽ പ്രഥമ പരിഗണന. ആവശ്യമായാൽ 25ന് മുകളിലുള്ളവരെയും തീരദേശ-ഗോത്ര മേഖലകളിലെ യുവാക്കളെയും ഗുണഭോക്താക്കളാക്കും.
ഓരോ ജില്ലയിലും 50 പേരെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തുക. പൊലീസ്, ജയിൽ വകുപ്പ് എന്നിവയുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുക. നർക്കോട്ടിക്‌സ്, എക്‌സൈസ് വകുപ്പുകളിൽ നിന്ന് ഇതുവരെ നൂറോളം പേരുടെ പട്ടിക സാമൂഹ്യനീതി വകുപ്പിന് കൈമാറിയിട്ടുണ്ട്.ഗുണഭോക്താക്കളുടെ വീടുകളിൽ നേരിട്ട് എത്തി വിശദമായ വിവരശേഖരണം നടത്തിയ ശേഷം വിദഗ്ധരുടെ സേവനം നൽകും. ആവശ്യമായവർക്ക് തുടർപഠനത്തിനുള്ള അവസരവും ഒരുക്കാനാണ് സാമൂഹ്യനീതി വകുപ്പിന്റെ തീരുമാനം.