മദ്യലഹരിയിൽ വളർത്തുനായയുമായി റോഡിൽ അഭ്യാസം; പൊലീസുകാരനെ നായയെ വിട്ട് കടിപ്പിക്കാൻ ശ്രമിച്ചതായി പരാതി

 

തിരുവനന്തപുരം മൊട്ടമൂട്-ഇടമല റോഡിൽ വളർത്തുനായയുമായി യുവാവിന്റെ പരാക്രമം. നരുവാമൂട് സ്വദേശി അനീഷാണ് മദ്യലഹരിയിൽ നായയുമായി തിരക്കേറിയ റോഡിലിറങ്ങി നാട്ടുകാരെ ബുദ്ധിമുട്ടിച്ചതെന്നാണ് പരാതി. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.

കഴിഞ്ഞ ദിവസം രാത്രി 9.30ഓടെയായിരുന്നു സംഭവം. വഴിയാത്രക്കാരെ യുവാവ് ബുദ്ധിമുട്ടിക്കുന്നതായി നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് നരുവാമൂട് പൊലീസ് സ്ഥലത്തെത്തി. നായയുമായി വീട്ടിലേക്ക് മടങ്ങാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും യുവാവ് വഴങ്ങിയില്ല. പൊലീസിനെ ഭീഷണിപ്പെടുത്തിയതായും തുടർന്ന് വാക്കുതർക്കമുണ്ടായതായും പരാതിയുണ്ട്.

നായയെ പിടിച്ചുമാറ്റാൻ ഒരു പൊലീസുദ്യോഗസ്ഥൻ വാഹനത്തിൽനിന്ന് ഇറങ്ങിയപ്പോൾ യുവാവ് നായയെ അഴിച്ചുവിട്ട് ഉദ്യോഗസ്ഥനെ കടിപ്പിക്കാൻ ശ്രമിച്ചെന്നാണ് ആരോപണം. നായയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പൊലീസുദ്യോഗസ്ഥൻ വീണ് പരുക്കേറ്റതായും റിപ്പോർട്ടുണ്ട്.