കൊച്ചി നഗരമധ്യത്തിൽ മദ്യലഹരിയിൽ യുവാവിന്റെ പരാക്രമം; കെഎസ്ആർടിസി ബസ് തടഞ്ഞു
Updated: Sep 4, 2026, 18:04 IST
കൊച്ചി നഗരമധ്യത്തിൽ മദ്യലഹരിയിൽ യുവാവിന്റെ പരാക്രമം. കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തിയ യുവാവ് ജീവനക്കാരെയും യാത്രക്കാരെയും അധിക്ഷേപിക്കുകയും തടയാൻ ശ്രമിച്ചവരോട് കൈയേറ്റത്തിന് മുതിരുകയും ചെയ്തു. സംഭവത്തിൽ ഇടക്കൊച്ചി സ്വദേശി അലക്സാണ്ടറിനെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തു.
രാത്രി 10 മണിയോടെയാണ് നഗരമധ്യത്തിൽ കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി യുവാവ് പ്രശ്നമുണ്ടാക്കിയത്. മദ്യലഹരിയിലായിരുന്ന ഇയാൾ ബസിലെ ജീവനക്കാരോടും യാത്രക്കാരോടും മോശമായി പെരുമാറുകയും അസഭ്യം പറയുകയും ചെയ്‌തെന്നാണ് പരാതി.
തുടർന്ന് സ്ഥലത്തുണ്ടായിരുന്ന ഓട്ടോറിക്ഷാ ഡ്രൈവർമാരുൾപ്പെടെയുള്ളവർ യുവാവിനെ പിടിച്ചുമാറ്റാൻ ശ്രമിച്ചു. എന്നാൽ ഇവർക്കുനേരെയും ഇയാൾ തിരിഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചതായാണ് വിവരം.സംഭവത്തിൽ കേസെടുത്ത എറണാകുളം സെൻട്രൽ പൊലീസ് അന്വേഷണം ആരംഭിച്ചു.