മദ്യലഹരിയിൽ യുവാവിന്റെ വിളയാട്ടം; സ്റ്റുഡിയോയും ബ്യൂട്ടി പാർലറും എറിഞ്ഞുതകർത്തു, മൂന്നുപേർക്ക് പരിക്ക്
കോഴിക്കോട് എൻ.ഐ.ടി. ക്യാമ്പസിന് സമീപം മദ്യലഹരിയിലെത്തിയ യുവാവ് സ്റ്റുഡിയോയും ബ്യൂട്ടി പാർലറും കല്ലെറിഞ്ഞു തകർത്തു. ചൊവ്വാഴ്ച വൈകിട്ടുണ്ടായ ആക്രമണത്തിൽ എൻ.ഐ.ടി. വിദ്യാർത്ഥിയടക്കം മൂന്നുപേർക്ക് പരിക്കേറ്റു. ബിജു എന്നയാളാണ് സ്ഥാപനങ്ങൾക്ക് നേരെ അക്രമം അഴിച്ചുവിട്ടത്. യാതൊരു പ്രകോപനവുമില്ലാതെ സ്ഥാപനങ്ങളുടെ മുന്നിലെത്തിയ ഇയാൾ കല്ലെറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
കല്ലേറിൽ സ്റ്റുഡിയോ ഉടമ വിഷോഭ്, ബ്യൂട്ടി പാർലർ ജീവനക്കാരൻ, അവിടെയെത്തിയ വിദ്യാർത്ഥി എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഉടൻ തന്നെ കെ.എം.സി. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിൽ ഇരു സ്ഥാപനങ്ങൾക്കും വലിയ തോതിലുള്ള നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. സംഭവത്തെ തുടർന്ന് അക്രമം നടത്തിയ ബിജുവിനെ കുന്ദമംഗലം പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.