ജാഗ്രത: ഇ-സ്‍കൂട്ടറുകളില്‍ നടക്കുന്നത് വൻ തട്ടിപ്പ്; വഞ്ചിതരാകാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം 

 
സംസ്ഥാനത്തെ നിരത്തുകളിലെ ഇലക്‌ട്രിക്ക് വാഹനങ്ങളുടെ എണ്ണം ഒരു ലക്ഷം എന്ന നാഴികക്കല്ല് പിന്നിട്ടിരിക്കുന്നു. ഫോസില്‍ ഇന്ധന വാഹനങ്ങളുടെ ദീര്‍ഘകാലങ്ങളായുള്ള ഉപഭോഗം പരിസ്ഥിതി സന്തുലിതാവസ്ഥയെ തകിടം മറിച്ചതോടെയാണ് പരിഹാരമായി ഇലക്‌ട്രിക് വാഹനങ്ങള്‍ രംഗപ്രവേശം ചെയ്‍തത്. വിവിധ കമ്ബനികള്‍ ഉപഭോക്താക്കള്‍ക്കായി ഇലക്‌ട്രിക്ക് വാഹനങ്ങളുടെ നിരവധി മോഡലുകള്‍ അവതരിപ്പിച്ചതിന് പുറമെ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നികുതിയിളവുകള്‍ ഉള്‍പ്പെടെ ആനുകൂല്യങ്ങള്‍ നല്‍കിയതും പൊതുജനങ്ങളെ ഇലക്‌ട്രിക് വാഹനങ്ങളിലേക്ക് അടുപ്പിച്ചു.
എന്നാല്‍ സംസ്ഥാനത്ത് ഇലക്‌ട്രിക്ക് വാഹന വില്‍പ്പന മികച്ചരീതിയില്‍ മുന്നേറുമ്ബോഴും നിരവധി തട്ടിപ്പുകളും നടക്കുന്നുണ്ട്.
ഇലക്‌ട്രിക് വണ്ടികള്‍ക്ക് അനുവദനീയമായതിനേക്കാള്‍ വേഗം കൂട്ടി സംസ്ഥാനത്ത് വില്‍പ്പന നടത്തിയത് ഉള്‍പ്പെടെ നിരവധി തട്ടിപ്പുകളും ഈ മേഖലയില്‍ നടക്കുന്നുണ്ട്. ഈ സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. സ്‍കൂട്ടര്‍ നിര്‍മ്മാണ കമ്ബനികള്‍ക്കും ഡീലര്‍മാര്‍ക്കും ഈ തട്ടിപ്പില്‍ പങ്കുണ്ടെന്നാണ് എംവിഡിയടെ പ്രാഥമിക വിലയിരുത്തല്‍. അതുകൊണ്ടുതന്നെ ഇത്തരം സ്‍കൂട്ടറുകള്‍ വാങ്ങുമ്ബോള്‍ തട്ടിപ്പിനിരയായി നിയമ പ്രശ്‍നങ്ങളില്‍ നമ്മളും പെടാതിരിക്കാൻ ജാഗ്രത പാലിക്കണം. ഇതാ പുതിയൊരു ഇലക്‌ട്രിക്ക് ടൂവീലര്‍ വാങ്ങുന്നതിന് മുമ്ബ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍
ഇലക്‌ട്രിക് സ്‌കൂട്ടര്‍ വാങ്ങുമ്ബോള്‍ അതിന് രജിസ്‌ട്രേഷന്‍ ആവശ്യമുള്ളതാണോ അല്ലാത്തതാണോ എന്ന് ഉറപ്പ് വരുത്തി മാത്രം വാങ്ങുക.
ചില വാഹന വില്‍പനക്കാര്‍ ഉപഭോക്താക്കളെ രജിസ്‌ട്രേഷനും ലൈസന്‍സും ആവശ്യമില്ലാത്ത ഇലക്‌ട്രിക് സ്‌കൂട്ടര്‍ എന്ന് വിശ്വസിപ്പിച്ച്‌ മോട്ടോര്‍ പവര്‍ കൂട്ടിയും പരമാവധി വേഗത വര്‍ധിപ്പിച്ചും വില്‍പന നടത്തുന്നുണ്ട്. ഇത്തരം വില്‍പന മോട്ടോര്‍ വാഹന നിയമത്തിനും ചട്ടത്തിനും വിരുദ്ധമാണ്.
കേന്ദ്ര മോട്ടോര്‍ വാഹന ചട്ടം 2 (u) വിലാണ് ബാറ്ററി ഓപ്പറേറ്റഡ് ടൂ വീലറുകളുടെ നിര്‍വ്വചനം പറയുന്നത്. താഴെ പറയുന്ന കാര്യങ്ങള്‍ ഏതെങ്കിലും അംഗീകൃത ടെസ്റ്റിംഗ് ഏജന്‍സികള്‍ പരിശോധിച്ച്‌ സര്‍ട്ടിഫൈ ചെയ്തവ ആണെങ്കില്‍ അത്തരം ടൂ വീലറുകളെ ഒരു മോട്ടോര്‍ വാഹനമായി കണക്കാക്കില്ല. അത്തരം ടൂ വീലറുകള്‍ക്ക് രജിസ്‌ട്രേഷനും ആവശ്യമില്ല. അവ ഏതൊക്കെയാണെന്ന് അറിയാം
ടൂ വീലറില്‍ ഉപയോഗിച്ചിരിക്കുന്ന ഇലക്‌ട്രിക് മോട്ടോറിന്റെ പവര്‍ 0.25kw (250 w) താഴെ ആണെങ്കില്‍
ടൂ വീലറിന്റെ പരമാവധി വേഗത മണിക്കൂറില്‍ 25 കിലോമീറ്ററില്‍ താഴെ ആണെങ്കില്‍
ബാറ്ററിയുടെ ഭാരം ഒഴികെ വാഹനത്തിന്റെ ഭാരം 60 കിലോഗ്രാമില്‍ താഴെ ആണെങ്കില്‍
അതായത്, ചില വാഹന വില്പനക്കാര്‍ ഉപഭോക്താക്കളെ രജിസ്‌ട്രേഷനും ലൈസന്‍സും ആവശ്യമില്ലാത്ത ഇലക്‌ട്രിക് സ്‌കൂട്ടര്‍ എന്ന് വിശ്വസിപ്പിച്ച്‌ മോട്ടോര്‍ പവര്‍ കൂട്ടിയും (0.25 kw ല്‍ കൂടുതല്‍), പരമാവധി വേഗത വര്‍ദ്ധിപ്പിച്ചും (25kmph ല്‍ കൂടുതല്‍) വില്പന നടത്തുന്നു. ഇത്തരം വില്പന മോട്ടോര്‍ വാഹന നിയമത്തിനും ചട്ടത്തിനും വിരുദ്ധമാണ്.
രജിസ്‌ട്രേഷന്‍ ആവശ്യമില്ലാത്ത ഒരു ഇലക്‌ട്രിക് സ്‌കൂട്ടര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ ഇനി താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക
മോട്ടോര്‍ പവര്‍ 0.25 kw ല്‍ താഴെ ആയിരിക്കണം.
പരമാവധി വേഗത 25 kmph ല്‍ കൂടരുത്.
ബാറ്ററി ഒഴികെ വാഹന ഭാരം 60kg ല്‍ കൂടരുത്.
മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ഒരു അംഗീകൃത ടെസ്റ്റിംഗ് ഏജന്‍സി ടെസ്റ്റ് ചെയ്ത അപ്രൂവല്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
മേല്‍പ്പറഞ്ഞ കാര്യങ്ങളില്‍ ഏതെങ്കിലും ഒന്ന് വിരുദ്ധമായത് ഉണ്ട് എങ്കില്‍ അത്തരം ഇലക്‌ട്രിക് സ്‌കൂട്ടറുകള്‍ക്ക് 'രജിസ്‌ട്രേഷന്‍ ആവശ്യമില്ല' എന്ന ആനുകൂല്യം ലഭിക്കില്ല. ഇലക്‌ട്രിക് സ്‌കൂട്ടര്‍ വാങ്ങുമ്ബോള്‍ അതിന് രജിസ്‌ട്രേഷന്‍ ആവശ്യമുള്ളതാണോ അല്ലാത്തതാണോ എന്ന് ഉറപ്പ് വരുത്തി മാത്രം വാഹനം വാങ്ങുക.
വഞ്ചിതരായി നിയമക്കുരുക്കില്‍ അകപ്പെടാതിരിക്കുക.
അതേസമയം സംസ്ഥാനത്ത് ഇലക്‌ട്രിക്ക് വാഹനങ്ങളുടെ വില്‍പ്പന മികച്ച രീതിയില്‍ മുന്നേറുകയാണ്. 2023 വര്‍ഷത്തില്‍ നാളിതുവരെ രജിസ്റ്റര്‍ ചെയ്‍ത വാഹനങ്ങളില്‍ 10 ശതമാനത്തില്‍ അധികം വാഹനങ്ങളും ഇലക്‌ട്രിക് വാഹനങ്ങളാണ് എന്നതും ശ്രദ്ധേയം. രാജ്യത്താകെയും ഇലക്‌ട്രിക്ക് വാഹന വില്‍പ്പന വളരുകയാണ്.
ഈ വര്‍ഷം ജനുവരിയില്‍ രാജ്യത്താകെ 3438 ഇവി പാസഞ്ചര്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ ജൂണില്‍ അത് 7916 ആയി. 2023 ജൂലൈയില്‍ രാജ്യത്തെ 1438 ആര്‍ടിഒകളില്‍ 1352 എണ്ണത്തില്‍ നിന്ന് വാഹൻ ഡാറ്റ പ്രകാരം ഇന്ത്യ 1,15,836 ഇവി വില്‍പ്പന രജിസ്റ്റര്‍ ചെയ്‍തു. തെലങ്കാന ഒഴികെയുള്ള കണക്കാണിത്.
രാജ്യത്തെ ഇലക്‌ട്രിക് ഇരുചക്രവാഹനങ്ങളുടെ വില്‍പ്പന കഴിഞ്ഞ മാസം 45,993 യൂണിറ്റില്‍ നിന്ന് 54,272 യൂണിറ്റായി ഉയര്‍ന്നപ്പോള്‍, യാത്രക്കാര്‍ക്കുള്ള ഇലക്‌ട്രിക് ത്രീ-വീലറുകള്‍ ഇതേ കാലയളവില്‍ 42,941 യൂണിറ്റില്‍ നിന്ന് 48,240 യൂണിറ്റായി ഉയര്‍ന്നു.
ചരക്കുനീക്കത്തിനുള്ള ഇലക്‌ട്രിക് ത്രീ-വീലറുകളുടെ വില്‍പ്പന 2023 ജൂണിലെ 5,087 യൂണിറ്റില്‍ നിന്ന് ജൂലൈയില്‍ 5,496 യൂണിറ്റായി വളര്‍ന്നു. എന്നാല്‍ ജൂലൈ മാസത്തില്‍ ഇലക്‌ട്രിക് ഫോര്‍ വീലറുകള്‍ക്ക് നേരിയ ഇടിവ് നേരിട്ടു. 2023 ജൂണിലെ 7,916 യൂണിറ്റുകളെ അപേക്ഷിച്ച്‌ ജൂലൈയില്‍ 7,471 യൂണിറ്റുകള്‍ വിറ്റു എന്നാണ് കണക്കുകള്‍.