എബോള ഭീഷണി: കൊച്ചി വിമാനത്താവളത്തിൽ മുൻകരുതൽ നടപടികൾ ശക്തമാക്കി
ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ കൊച്ചി വിമാനത്താവളത്തിൽ മുൻകരുതൽ നടപടികൾ ശക്തമാക്കി. കോംഗോ, ഉഗാണ്ട, സൗത്ത് സുഡാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് എത്തുന്ന യാത്രക്കാരെ പ്രത്യേക നിരീക്ഷണത്തിനും ആരോഗ്യ പരിശോധനയ്ക്കും വിധേയരാക്കുമെന്ന് അധികൃതർ അറിയിച്ചു.
വിമാനത്താവളത്തിൽ രോഗലക്ഷണങ്ങൾ കണ്ടെത്തുന്നതിനുള്ള നിരീക്ഷണ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനും അവലോകന യോഗത്തിൽ തീരുമാനമായി. പനി, ക്ഷീണം, തലവേദന, പേശിവേദന, ഛർദി, വയറിളക്കം, തൊണ്ടവേദന, രക്തസ്രാവം തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവർ നിർബന്ധമായും ആരോഗ്യ വിഭാഗത്തെ അറിയിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലും സമാനമായ ജാഗ്രതാ നടപടികൾ ഇതിനകം സ്വീകരിച്ചിട്ടുണ്ട്. ബാധിത രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാരിൽ ആരോഗ്യ പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്.ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം, ഇതുവരെ ഏകദേശം 600 ഓളം പേർക്ക് രോഗം ബാധിച്ചിട്ടുണെന്ന് സംശയിക്കുന്നതായും 139 പേർ മരണപ്പെട്ടതായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വൈറസിന്റെ അപൂർവ ഇനമായ 'ബുണ്ടിബുഗ്യോ' വകഭേദമാണ് ഇപ്പോൾ പടർന്നുപിടിക്കുന്നത്. ജനീവയിൽ ചേർന്ന ലോകാരോഗ്യ സംഘടനയുടെ അടിയന്തര സമിതിയാണ് നിലവിലെ സാഹചര്യത്തെ 'അന്താരാഷ്ട്ര ആശങ്ക നിറഞ്ഞ പൊതുജനാരോഗ്യ അടിയന്തരാവസ്ഥ'യായി പ്രഖ്യാപിച്ചത്. എന്നാൽ, ഇത് ഒരു ആഗോള മഹാമാരിയായി മാറിയിട്ടില്ലെന്നും യോഗം വിലയിരുത്തി.