ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി എ സന്തോഷ് കുമാറിനെ നിയമിച്ചു

 

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച് സര്‍ക്കാര്‍. എ സന്തോഷ് കുമാറിനെയാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചിരിക്കുന്നത്. 2011-15 കാലയളവില്‍ ജില്ലാ ഗവ. പ്ലീഡര്‍ ആയിരുന്നു സന്തോഷ് കുമാര്‍. പ്രോസിക്യൂട്ടറായിരുന്ന ഗീനാ കുമാരിക്ക് പകരമാണ് സന്തോഷ് കുമാറിനെ നിയമിച്ചത്. തിങ്കളാഴ്ച കേസ് പരിഗണിക്കുമ്പോള്‍ സന്തോഷ് കുമാര്‍ പ്രോസിക്യൂഷന് വേണ്ടി തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ ഹാജരാകും.

മാസപ്പടിക്കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയില്‍ റെയ്ഡ് നടത്തി മടങ്ങുന്നതിനിടെയാണ് ഇഡി ഉദ്യോഗസ്ഥര്‍ ആക്രമിക്കപ്പെട്ടത്. റെയ്ഡ് നടത്താനെത്തിയ ഉദ്യോഗസ്ഥരെ സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. ഇതിനുപുറമെ ഇഡി വാഹനം തടയുകയും തകര്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമക്കുറ്റം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുക്കുകയായിരുന്നു.

കേസില്‍ ജാമ്യം ലഭിച്ച ഒമ്പതാം പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഉടന്‍ ഹൈക്കോടതിയെ സമീപിക്കാനും തീരുമാനിച്ചിട്ടുണ്ട്. പ്രോസിക്യൂട്ടര്‍ ഗീനാ കുമാരി പ്രതികളെ രക്ഷിക്കാന്‍ കൂട്ടുനില്‍ക്കുന്നുവെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. തുടര്‍ന്നാണ് പ്രോസിക്യൂട്ടര്‍ സ്ഥാനത്തുനിന്ന് ടി. ഗീന കുമാരിയെ നീക്കിയത്. ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് അതീവ ഗൗരവതരമെന്നും പ്രതികള്‍ക്ക് ജാമ്യം ലഭിക്കാന്‍ കൂട്ടുനിന്ന പ്രോസിക്യൂട്ടര്‍ ഗീന കുമാരിയെ ജോലിയില്‍ നിന്ന് ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു.