ഇടി ഉദ്യോഗസ്ഥർ സഞ്ചരിച്ച കാർ ആക്രമിച്ച സംഭവം:കാർ ഡ്രൈവർക്ക് 1.75 ലക്ഷം രൂപ നഷ്ടപരിഹാരം കൈമാറി ഇഡി
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വീട്ടിൽ നടത്തിയ ഇഡി പരിശോധനയെ ചൊല്ലിയുള്ള സിപിഎം ആക്രമണത്തിൽ തകർന്ന ടാക്സിക്ക് നഷ്ടപരിഹാരം നൽകി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്.മുഴുവൻ നഷ്ടപരിഹാരത്തുകയും ഇഡി കൈമാറി. തിരുവനന്തപുരം സ്വദേശിയായ ടാക്സി ഡ്രൈവർ ശ്യാംരാജിനാണ് പണം കൈമാറിയത്. ഒന്നേമുക്കാൽ ലക്ഷത്തോളം രൂപയാണ് നഷ്ടപരിഹാരം. മേയ് 27-ന് നടന്ന പ്രതിഷേധത്തിനിടെ രണ്ട് കാറുകൾക്ക് നേരെ സി.പി.എം പ്രവർത്തകർ ആക്രമണം അഴിച്ചുവിട്ടിരുന്നു. ഇതിൽ ശ്യാംരാജിൻ്റെ വാഹനമാണ് വലിയ തോതിൽ തകർത്തത്. മൂന്ന് വനിതകൾ ഉൾപ്പെടെ അഞ്ച് ഉദ്യോഗസ്ഥരാണ് വാഹനത്തിലുണ്ടായിരുന്നത്. ആദ്യം മുട്ടയെറിഞ്ഞ പ്രവർത്തകർ പിന്നീട് ഇഷ്ടികയും കരിങ്കല്ലും ഉപയോഗിച്ച് കാറിന്റെ ചില്ലുകൾ തകർക്കുകയായിരുന്നു. വാഹനത്തിന്റെ മറ്റ് ഭാഗങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചു.നേരത്തെ സിപിഎം ഈ നഷ്ടം നൽകുമെന്ന് അറിയിച്ചെങ്കിലും പിന്നീട് പിന്മാറിയിരുന്നു.