'ഇ.ഡി നോട്ടീസ് പതിപ്പിക്കൽ രാഷ്ട്രീയ നാടകം; ഡൽഹി സമരത്തെ വഴിതിരിച്ചുവിടാൻ നീക്കം': എം.വി ഗോവിന്ദൻ

 

സി.എം.ആർ.എൽ - എക്‌സാലോജിക് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെയുള്ള എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടപടികൾക്കെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഇ.ഡിയും ബി.ജെ.പിയും ചേർന്ന് നടത്തുന്നത് രാഷ്ട്രീയ നാടകമാണെന്നും ഡൽഹി സമരത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇത്തരമൊരു നീക്കമെന്നും അദ്ദേഹം ആരോപിച്ചു.

മാതൃകാപരമായി ജീവിക്കുന്നവരെ വേട്ടയാടാനാണ് കേന്ദ്ര ഏജൻസികൾ ശ്രമിക്കുന്നതെന്നും, വീട്ടിൽ ആളില്ലാത്ത സമയത്ത് വന്ന് നോട്ടീസ് പതിപ്പിച്ചത് ഇ.ഡിയുടെ ക്രിമിനൽ നിലപാടാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയൻ എന്നാൽ പാർട്ടിയാണെന്നും, പാർട്ടിയെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് അടിസ്ഥാനമില്ലാത്ത കള്ളക്കേസുകൾ ഉണ്ടാക്കുന്നതെന്നും എം.വി ഗോവിന്ദൻ കുറ്റപ്പെടുത്തി. ഈ നടപടികളെ നിയമപരമായും രാഷ്ട്രീയമായും പാർട്ടി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇ.ഡിയെയും ബി.ജെ.പിയെയും കേരളത്തിലേക്ക് കടന്നുകയറാൻ സഹായിക്കുന്നത് യു.ഡി.എഫാണെന്നും എം.വി ഗോവിന്ദൻ ആരോപിച്ചു. യു.ഡി.എഫിന്റെ നയമില്ലായ്മയും ഗ്രൂപ്പ് തർക്കങ്ങളും മറച്ചുവെക്കാനാണ് അവർ ഇത്തരത്തിലുള്ള നീക്കങ്ങൾക്ക് കൂട്ടുനിൽക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.