ഇ.ഡി. ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ആറ്റുകാൽ ഉണ്ണിക്ക് മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം
Jul 24, 2026, 17:57 IST
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിയും സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവുമായ ആറ്റുകാൽ ഉണ്ണിക്ക് മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു.
പിതാവിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായാണ് തിരുവനന്തപുരം ജില്ലാ കോടതി ജാമ്യം അനുവദിച്ചത്. ആറ്റുകാൽ ഉണ്ണിയുടെ പിതാവ് സി. രാമചന്ദ്ര നായർ കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്.
പിതാവ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന സമയത്ത് ജാമ്യം തേടി ആറ്റുകാൽ ഉണ്ണി കോടതിയെ സമീപിച്ചിരുന്നെങ്കിലും മജിസ്‌ട്രേറ്റ് കോടതിയും പിന്നീട് ജില്ലാ കോടതിയും അപേക്ഷ തള്ളിയിരുന്നു.
പിതാവിന്റെ മരണത്തെ തുടർന്ന് വീണ്ടും നൽകിയ അപേക്ഷ പരിഗണിച്ചാണ് ഇപ്പോൾ മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചത്. ഈ കാലയളവിൽ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ മാത്രമാണ് കോടതി അനുമതി നൽകിയിരിക്കുന്നത്.