ഇ.ഡി അന്വേഷണം: ചോദ്യങ്ങളോട് ക്ഷുഭിതനായി പിണറായി വിജയൻ

 

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണവുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് ക്ഷുഭിതനായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ചങ്ങനാശേരിയിലെ പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെ ചെങ്ങന്നൂർ ഗസ്റ്റ് ഹൗസിലെത്തിയപ്പോഴായിരുന്നു സംഭവം.

''പുറത്ത് നിൽക്കടോ. നിങ്ങളെന്താ ബാത്ത്‌റൂമിലേക്ക് വരികയാണോ? ഇവിടെ വന്നത് ബാത്ത്‌റൂമിൽ പോകാനാണ്, നിങ്ങളെ കാണാനല്ല'' എന്നായിരുന്നു പിണറായി വിജയന്റെ പ്രതികരണം.

മുഖ്യമന്ത്രിയായിരിക്കെ മകൾ ടി.വീണയുടെ സ്ഥാപനമായ എക്‌സാലോജിക്കും സി.എം.ആർ.എല്ലും തമ്മിലുള്ള സാമ്പത്തിക ഇടപാടിലൂടെ 3.28 കോടി രൂപ കൈക്കൂലിയായി വാങ്ങിയെന്ന ആരോപണത്തിൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് നൽകിയിരുന്നു.

വീണയുടെ ഭർത്താവും മുൻ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസിനും ഇടപാടിൽ പങ്കുണ്ടെന്നും പണം വീണയും സുഹൃത്തുക്കളും വഴി ദുബായിലേക്ക് കടത്താൻ നേതൃത്വം നൽകിയെന്നുമുള്ള ആരോപണങ്ങളും ഇ.ഡിയുടെ കത്തിലുണ്ടെന്നാണ് റിപ്പോർട്ട്. സ്ഥാപനങ്ങൾ ഉൾപ്പെടെ 12 പേരുടെ പേരുകളാണ് കത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

സി.എം.ആർ.എല്ലും എക്‌സാലോജിക്കും തമ്മിലുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമാണ് ഇ.ഡി അന്വേഷണം നടത്തിവന്നത്.