പിണറായി വിജയനെതിരായ ഇഡി ശുപാർശ; തെളിവുകൾ പരിശോധിച്ചശേഷം തീരുമാനമെന്ന് മുഖ്യമന്ത്രി
മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ശുപാർശയിൽ നിയമപരമായ പരിശോധനകൾ നടത്തിയശേഷം തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. വിഷയത്തിൽ നിലവിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും തെളിവുകൾ വിശദമായി പരിശോധിച്ച് നിയമപരമായ നടപടികളിലൂടെ മാത്രമേ മുന്നോട്ടുപോകൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സി.പി.എമ്മിലെ ആഭ്യന്തര തർക്കങ്ങളെയും മുഖ്യമന്ത്രി വിമർശിച്ചു. പാർട്ടിക്കുള്ളിൽ നടക്കുന്നത് ന്യായീകരണങ്ങൾ മാത്രമാണെന്ന് അദ്ദേഹം ആരോപിച്ചു. വ്യക്തിക്കെതിരേ അതിശക്തമായ ആക്ഷേപമാണ് ആ പാർട്ടിയിൽ നിലനിൽക്കുന്നത്. സ്വന്തം ഭാര്യയെ സ്ഥാനാർഥിയാക്കിയ പാർട്ടി സെക്രട്ടറിയുടെ നടപടിക്കെതിരെ കേന്ദ്ര കമ്മിറ്റിവരെ ആക്ഷേപം ഉയർത്തിയ കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.ഇ.ഡി അന്വേഷണങ്ങളുമായി രാഹുൽ ഗാന്ധി നേരത്തെ പൂർണമായി സഹകരിച്ചിരുന്നുവെന്നും അന്വേഷണങ്ങളുടെ പേരിൽ വാഹനങ്ങളോ പൊതുമുതലുകളോ തകർക്കുന്ന സാഹചര്യമുണ്ടായിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.