പേവിഷബാധയേറ്റുള്ള എട്ടുവയസുകാരി നിയ ഫൈസലിന്റെ മരണത്തില്‍, ചികിത്സ പിഴവില്ലെന്നു ക്രൈംബ്രാഞ്ച്

 

പേവിഷബാധയേറ്റ് എട്ടുവയസുകാരി നിയ ഫൈസൽ മരിച്ച സംഭവത്തിൽ ചികിത്സാ പിഴവുണ്ടായിട്ടില്ലെന്ന് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. പുനലൂർ താലൂക്ക് ആശുപത്രിയിൽ കുട്ടിയുടെ ശരീരഭാരത്തിന് അനുസരിച്ചുള്ള ഇമ്മ്യൂണോഗ്ലോബുലിൻ നൽകിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. എന്നാൽ, ചികിത്സാ പിഴവുണ്ടായോ എന്ന കാര്യത്തിൽ മെഡിക്കൽ ബോർഡിന്റെ നിഗമനങ്ങൾ കൂടി ലഭിച്ച ശേഷമേ അന്തിമ തീരുമാനത്തിലെത്താനാകൂ എന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.

2025 ഏപ്രിൽ എട്ടിനാണ് കുന്നിക്കോട് വിളക്കുടിയിൽ വീടിന് സമീപത്തുവെച്ച് നിയയെ തെരുവുനായ കടിച്ചത്. തുടർന്ന് പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ കുട്ടി, മെയ് മാസത്തിൽ തിരുവനന്തപുരത്തെ എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

പുനലൂർ താലൂക്ക് ആശുപത്രിയിൽ ഇമ്മ്യൂണോഗ്ലോബുലിൻ കുത്തിവെച്ചതിൽ പിഴവുണ്ടായെന്നും ചികിത്സയിലും പരിചരണത്തിലും അലംഭാവമുണ്ടായെന്നുമായിരുന്നു കുടുംബത്തിന്റെ പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ ആഭ്യന്തര വകുപ്പ് മന്ത്രിക്ക് നൽകിയ പരാതിയെത്തുടർന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്.

കുട്ടിക്ക് നൽകിയ മരുന്നിന്റെ അളവ് ശരീരഭാരത്തിന് അനുസൃതമായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. റിപ്പോർട്ട് ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി സൂപ്രണ്ട് മേധാവിക്ക് കൈമാറി.

ആശുപത്രി സൂപ്രണ്ട് ഉൾപ്പെടെ നാലുപേരെ പ്രതിചേർത്ത് പുനലൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസാണ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറിയത്. ചികിത്സാ പിഴവുണ്ടായെന്ന കുടുംബത്തിന്റെ ആരോപണത്തിൽ അന്തിമ വ്യക്തത വരാൻ മെഡിക്കൽ ബോർഡിന്റെ വിലയിരുത്തൽ നിർണായകമാകും.