വില്ലനായി എല്‍നിനോ; ജൂലൈ മാസത്തിലും സംസ്ഥാനത്ത് മഴ കുറയുമെന്ന് കാലാവസ്ഥാ വകുപ്പ്

 

കാലവർഷം സജീവമാകേണ്ട ജൂലൈ മാസത്തിലും കേരളത്തിൽ സാധാരണയേക്കാള്‍ കുറവ് മഴ ലഭിക്കാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പസഫിക് സമുദ്രത്തിൽ എല്‍നിനോ പ്രതിഭാസം ശക്തമായി തുടരുന്നതാണ് സംസ്ഥാനത്ത് മഴ കുറയാൻ കാരണം. കഴിഞ്ഞ ജൂണ്‍ മാസത്തിലും സംസ്ഥാനത്ത് പ്രതീക്ഷിച്ച അളവിൽ മഴ ലഭിച്ചിരുന്നില്ല. ഇതിനൊപ്പം ഇന്ത്യൻ ഓഷ്യൻ ഡൈപോൾ നിലവിൽ ന്യൂട്രൽ സ്ഥിതിയിലായതും തിരിച്ചടിയാണ്. ഈ സാഹചര്യം കാലവർഷ സീസൺ മുഴുവൻ നീണ്ടുനിന്നേക്കുമെന്നാണ് പ്രവചനം.

വരും മാസങ്ങളിൽ മഴ കുറയുമെന്ന പ്രവചനമുണ്ടെങ്കിലും, പ്രാദേശിക അന്തരീക്ഷ മാറ്റങ്ങൾ കാരണം അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ഇന്നും നാളെയും കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ അതിശക്തമായ മഴ മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ 24 മണിക്കൂറില്‍ 204 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കാം.

ഇതിനുപുറമെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ വരും ദിവസങ്ങളിൽ കനത്ത മഴ സാധ്യത കണക്കിലെടുത്ത് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ മലയോര മേഖലകളിലും തീരപ്രദേശങ്ങളിലും ഉള്ളവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.