'എൽ നിനോ' ആശങ്കയൊഴിയുന്നു; കേരളത്തിൽ ഇത്തവണ കാലവർഷം നേരത്തെയെത്തിയേക്കും
കടുത്ത വേനൽച്ചൂടിൽ വലയുന്ന കേരളത്തിന് ആശ്വാസവാർത്തയുമായി കാലാവസ്ഥാ പ്രവചനം. ഇത്തവണ സംസ്ഥാനത്ത് കാലവർഷം നിശ്ചയിച്ചതിലും നേരത്തെ എത്താൻ സാധ്യതയുണ്ടെന്ന് യൂറോപ്യൻ സെന്റർ ഫോർ മീഡിയം റേഞ്ച് വെതർ ഫോർകാസ്റ്റ്‌സ് (ECMWF) റിപ്പോർട്ട് ചെയ്യുന്നു. മെയ് അവസാനത്തോടെ തെക്കേ ഇന്ത്യയിൽ മൺസൂൺ എത്തിയേക്കുമെന്നാണ് പ്രവചനം. സാധാരണയായി ജൂൺ ഒന്നിനാണ് കേരളത്തിൽ കാലവർഷം ആരംഭിക്കാറുള്ളത്.
എൽ നിനോ പ്രതിഭാസം കാലവർഷത്തെ ദോഷകരമായി ബാധിക്കുമെന്ന ആശങ്കകൾ നിലനിൽക്കുന്നുണ്ടെങ്കിലും, മെയ്-ജൂൺ മാസങ്ങളിൽ കേരളം ഉൾപ്പെടെയുള്ള പടിഞ്ഞാറൻ തീരങ്ങളിൽ മികച്ച മഴ ലഭിക്കാനാണ് സാധ്യതയെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മെയ് പകുതിയോടെ പടിഞ്ഞാറൻ കാറ്റ് സജീവമാകുന്നത് മഴയ്ക്ക് സഹായകമാകും. ഓഗസ്റ്റ് മാസത്തിൽ എൽ നിനോയുടെ പ്രഭാവം ഉണ്ടായേക്കാമെങ്കിലും കാലവർഷത്തിന്റെ ആദ്യ പകുതിയിൽ മഴ കുറയാൻ സാധ്യതയില്ലെന്ന് കാലാവസ്ഥാ വിദഗ്ധൻ രാജീവൻ എരിക്കുളം വ്യക്തമാക്കി.
അതേസമയം, സംസ്ഥാനത്ത് ഉഷ്ണതരംഗ സാഹചര്യം ഇപ്പോഴും തുടരുകയാണ്. പാലക്കാട് (39.7 °C), പുനലൂർ (38.6 °C), കോഴിക്കോട് (38 °C) എന്നിവിടങ്ങളിൽ ശരാശരിയേക്കാൾ ഉയർന്ന താപനില രേഖപ്പെടുത്തി. ഞായറാഴ്ച വരെ താപനില ഉയർന്നുതന്നെ നിൽക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മാർച്ച് പകുതി മുതൽ ഇതുവരെ സംസ്ഥാനത്ത് മുപ്പതിലധികം ഉഷ്ണതരംഗ അനുബന്ധ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മെയ് മാസത്തിൽ ലഭിക്കുന്ന വേനൽമഴയും നേരത്തെയെത്തുന്ന കാലവർഷവും നിലവിലെ കടുത്ത ചൂടിന് ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.