ഇടുക്കിയിൽ വയോധികയെ തീകൊളുത്തിക്കൊന്ന കേസ്; സഹോദരി പുത്രന് ജീവപര്യന്തം തടവും പിഴയും

 

ഇടുക്കി മുട്ടത്ത് 72 വയസ്സുള്ള വയോധികയെ തീകൊളുത്തിക്കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ. വെള്ളത്തൂവൽ സ്വദേശി സുനിൽ കുമാറിനെയാണ് ഇടുക്കി ജില്ലാ കോടതി ശിക്ഷിച്ചത്. തടവിനു പുറമെ ഒന്നര ലക്ഷം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട സരോജിനിയുടെ സഹോദരി പുത്രനാണ് പ്രതിയായ സുനിൽ കുമാർ.

2021-ലായിരുന്നു നാടിനെ നടുക്കിയ ഈ കൊലപാതകം നടന്നത്. സ്വത്ത് തർക്കത്തെത്തുടർന്നുള്ള വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. സരോജിനിയുടെ പേരിലുള്ള മുഴുവൻ സ്വത്തും തനിക്ക് നൽകുമെന്ന് അവർ ഉറപ്പുനൽകിയിരുന്നതായി സുനിൽ കുമാർ വിശ്വസിച്ചിരുന്നു. എന്നാൽ സ്വത്ത് ഭാഗം വെച്ചപ്പോൾ മറ്റ് സഹോദരിമാരുടെ മക്കൾക്കും വിഹിതം നൽകിയതിൽ പ്രകോപിതനായാണ് പ്രതി കൃത്യം നിർവഹിച്ചതെന്ന് പോലീസ് കണ്ടെത്തി.

സരോജിനി ഉറങ്ങിക്കിടക്കുമ്പോൾ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. മരണം ഉറപ്പാക്കാൻ പ്രതി ഗ്യാസ് സിലിണ്ടർ തുറന്നുവിടുകയും ചെയ്തു. അടുപ്പിൽ നിന്ന് തീ പടർന്ന് റബർ ഷീറ്റ് കത്തിയുണ്ടായ അപകടമാണെന്നായിരുന്നു സുനിൽ കുമാർ ആദ്യം പോലീസിന് നൽകിയ മൊഴി. എന്നാൽ ശാസ്ത്രീയ പരിശോധനയിൽ ഇത് കൊലപാതകമാണെന്ന് തെളിയുകയും പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.