തിരഞ്ഞെടുപ്പ് തോൽവി: സംസ്ഥാന നേതൃത്വത്തിനെതിരെ സിപിഎം കേന്ദ്രകമ്മിറ്റിയുടെ രൂക്ഷ വിമർശനം

 

കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിനുണ്ടായ ദയനീയ തോൽവിൽ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രകമ്മിറ്റിയുടെ റിപ്പോർട്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിലും സ്ഥാനാർഥി നിർണയത്തിലും സംസ്ഥാന നേതൃത്വത്തിന് ഗുരുതര വീഴ്ച സംഭവിച്ചെന്നാണ് റിപ്പോർട്ടിലെ വിലയിരുത്തൽ.

രാഷ്ട്രീയ നിലപാടുകൾ ശക്തമായി ഉയർത്തിക്കാട്ടാതെ വികസനവും ക്ഷേമ പദ്ധതികളും മാത്രം മുൻനിർത്തിയുള്ള പ്രചാരണം തിരിച്ചടിയായെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. മുഴുവൻ തിരഞ്ഞെടുപ്പ് പ്രചാരണവും മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്രീകരിച്ചാണ് നടന്നതെന്നും, ഇത് വ്യക്തികേന്ദ്രീകൃത പ്രചാരണമായി മാറിയെന്നും,ഇത് യുഡിഎഫിന് അദ്ദേഹത്തിനെതിരെ പ്രചാരണം ശക്തമാക്കാൻ അവസരമൊരുക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു.

ബിജെപിയുമായി സിപിഎമ്മിന് രഹസ്യ ധാരണയുണ്ടെന്ന യുഡിഎഫിന്റെ ആരോപണത്തെ ഫലപ്രദമായി പ്രതിരോധിക്കാൻ സംസ്ഥാന നേതൃത്വത്തിന് കഴിഞ്ഞില്ലെന്നും, ഇത് ന്യൂനപക്ഷ വോട്ടർമാർ എൽഡിഎഫിൽ നിന്ന് അകന്നുപോകാൻ കാരണമായെന്നുമാണ് കേന്ദ്രകമ്മിറ്റിയുടെ വിലയിരുത്തൽ.

ശബരിമല സ്വർണക്കൊള്ള കേസിൽ പാർട്ടി നേതാവ് പത്മകുമാർ അറസ്റ്റിലായതിന് പിന്നാലെ അച്ചടക്കനടപടി സ്വീകരിക്കണമെന്ന് കേന്ദ്രനേതൃത്വം സംസ്ഥാന നേതൃത്വത്തോട് നിർദേശിച്ചിരുന്നുവെന്നും, എന്നാൽ അതുണ്ടായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അന്നുതന്നെ നടപടി സ്വീകരിച്ചിരുന്നെങ്കിൽ രാഷ്ട്രീയ തിരിച്ചടിയുടെ ആഘാതം കുറയ്ക്കാനാകുമായിരുന്നുവെന്നും റിപ്പോർട്ട് വിലയിരുത്തുന്നു.

പൊതുയോഗങ്ങൾ സംഘടിപ്പിക്കുന്ന ശൈലിയിലിടക്കം ധാരാളം മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്നും കേന്ദ്ര കമ്മിറ്റി നിർദേശിച്ചിട്ടുണ്ട്. ദീർഘമായ പ്രസംഗങ്ങൾ പൊതുയോഗങ്ങളിൽ നടത്തരുത്. എതിരാളികളെ വിഷയങ്ങളിൽ തിരിച്ചറിഞ്ഞ് വിമർശിക്കാനുള്ള രാഷ്ട്രീയ തീക്ഷ്‌ണതയുടെ അഭാവമുണ്ട്. ഈ ദൗർബല്യത്തിൻ്റെ പ്രതിഫലനമാണ് അനുഭാവികൾ പൊതുയോഗങ്ങളിലെത്താത്തതെന്നും ചൂണ്ടിക്കാട്ടുന്നു. വീഴ്ചകളിൽ വിശദമായ ചർച്ച വിപുലീകൃത സംസ്ഥാന സമിതിയിൽ നടക്കും. കോഴിക്കോടു വെച്ച് സെപ്റ്റംബർ 13,14,15 തീയതികളിലാണ് വിപുലീകൃത സംസ്ഥാന സമിതി നടക്കുക