അടുത്ത മാസം മുതൽ കേരളത്തിൽ വൈദ്യുതി നിരക്ക് വർധിക്കും; യൂണിറ്റിന് 20 പൈസ കൂടാൻ സാധ്യത

 

കേരളത്തിൽ വൈദ്യുതി നിരക്ക് വർധനവ് അടുത്ത മാസം നിലവിൽ വരും. നിരക്ക് വർധനയ്ക്കെതിരെ നൽകിയ ഹർജിയിൽ ഹൈക്കോടതി വിധി പറഞ്ഞതോടെ, കെഎസ്ഇബിയുടെ വർധന ആവശ്യപ്പെട്ടുള്ള അപേക്ഷയിൽ റെഗുലേറ്ററി കമ്മീഷൻ അടുത്ത ആഴ്ച തീരുമാനമെടുക്കും. യൂണിറ്റിന് 41പൈസ വർധിപ്പിക്കണമെന്നാണ് കെഎസ്ഇബിയുടെ ആവശ്യം. എന്നാൽ ഇത് പൂർണമായും അംഗീകരിക്കില്ല.

വൈദ്യുതി നിരക്ക് വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മാസങ്ങൾക്ക് മുൻപ് കെഎസ്ഇബി  റെഗുലേറ്ററി കമ്മീഷനെ സമീപിച്ചിരുന്നു. എന്നാൽ ഇതിനെതിരെ വ്യവസായ കണക്ഷൻ ഗുണഭോക്താക്കൾ  ഹൈക്കോടതിയെ സമീപിച്ചു. വർധനവ് പൂർണമായും തടയാതിരുന്ന കോടതി, ജീവനക്കാരുടെ പെൻഷൻ ഫണ്ടിലേക്കുള്ള ബോർഡിന്റെ ബാധ്യത താരിഫ് വർധനയിലൂടെ ഈടാക്കരുതെന്ന് നിർദേശിച്ചു. കേസ് തീർപ്പായ സാഹചര്യത്തിലാണ് നിരക്ക് വർധനയ്ക്കുള്ള അപേക്ഷ റെഗുലേറ്ററി കമ്മീഷൻ വീണ്ടും പരിഗണിക്കുന്നത്.

റവന്യു കമ്മി മുഴുവൻ ഈടാക്കുന്ന വിധത്തിൽ നിരക്ക് വർധന നടപ്പാക്കാൻ റെഗുലേറ്ററി കമ്മീഷൻ അനുവദിക്കാറില്ല. അതിനാൽ ബോർഡ് ആവശ്യപ്പെട്ടത് പോലെ 41 പൈസ വർധിപ്പിക്കാൻ അനുമതി നൽകില്ല. പകരം 20 പൈസയ്ക്ക് മുകളിലുള്ള വർധന ഉറപ്പാണ്. അടുത്ത നാല് വർഷവും നിരക്ക് വർധന കൊണ്ടുവന്ന് 1900 കോടിയുടെ ബാധ്യത തീർക്കാനാണ് കെഎസ്ഇബി ശ്രമിച്ചത്. എന്നാൽ ഹൈക്കോടതി വിധിയുള്ളതിനാൽ ഇതിൽ പെൻഷൻ ഫണ്ടിലേക്കുള്ള 407 കോടി ഈടാക്കാനുള്ള ബോർഡിന്റെ നീക്കം നടക്കില്ല.