ഇന്നും വൈദ‍്യുതി നിയന്ത്രണമുണ്ടാകും; മുന്നറിയിപ്പുമായി കെഎസ്ഇബി

 

സംസ്ഥാനത്ത് ഇന്നും വൈദ‍്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബിയുടെ മുന്നറിയിപ്പ്. 6.15നും രാത്രി 12.45നും ഇടയിൽ വൈദ‍്യുതി മുടങ്ങുമെന്നാണ് വിവരം. കഴിഞ്ഞ ദിവസവും സമാന രീതിയിൽ വൈദ‍്യുതി നിയന്ത്രണമുണ്ടായിരുന്നു. പവർകട്ട് എന്ന് തീരുമെന്ന് പറയാൻ സാധിക്കില്ലെന്നാണ് മന്ത്രി സണ്ണി ജോസഫ് പറയുന്നത്.

അതേസമയം സംസ്ഥാനത്ത് അതിരൂക്ഷമായി തുടരുന്ന വൈദ്യുതി പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസമായി ഹിമാചൽ പ്രദേശ് സർക്കാരിൽ നിന്ന് കേരളത്തിലേക്ക് 250 മെഗാവാട്ട് വൈദ്യുതി ലഭിക്കും. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയുമായി നടത്തിയ ഉന്നതതല ചർച്ചകളെ തുടർന്നാണ് അനുകൂല തീരുമാനം ഉണ്ടായത്. നേരത്തെ തമിഴ്‌നാടിന് നൽകാൻ നിശ്ചയിച്ചിരുന്ന വൈദ്യുതി വിഹിതത്തിൽ നിന്ന് ഒരു ഭാഗം വെട്ടിച്ചുരുക്കിയാണ് കേരളത്തിന് കൈമാറാൻ ധാരണയായിട്ടുള്ളത്. നാഷണൽ തെർമൽ പവർ കോർപ്പറേഷനിൽ നിന്നും അടിയന്തരമായി വൈദ‍്യുതി വാങ്ങാനുള്ള നീക്കം സർക്കാർ ഉപേക്ഷിച്ചിരുന്നു. കടുത്ത സാമ്പത്തിക ബാധ‍്യതയുണ്ടാകുമെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് പിന്മാറ്റം. യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ‍്യുതി വാങ്ങേണ്ടെന്ന നിലപാടിലാണ് കെഎസ്ഇബി.