2 മാസം എണ്ണിയാലും തീരാത്തത്ര നാണയങ്ങൾ; ശബരിമലയിൽ യന്ത്രസഹായം വേണമെന്ന് ജീവനക്കാർ

 

ശബരിമലയിൽ നാണയമെണ്ണിത്തീർക്കാൻ യന്ത്രസഹായം വേണമെന്ന് ജീവനക്കാരുടെ സംഘടന. നിലവിൽ രണ്ടുമാസം എണ്ണിയാലും തീരാത്തത്ര നാണയമാണ് ശബരിമലയിൽ കുന്നുകൂടിയിരിക്കുന്നത്. തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് ഫെഡറേഷൻ ജനറൽ സെക്രട്ടറി ഈ വിഷയത്തിൽ ഹൈക്കോടതിയെ സമീപിച്ചു.

കോവിഡ് കാലത്തിനു ശേഷമെത്തിയ തീർഥാടനകാലത്ത് കാണിക്ക നിറഞ്ഞു കവിഞ്ഞു. ജീവനക്കാർ എണ്ണിയിട്ടും തീരുന്നില്ല. ജീവനക്കാർക്ക് അവധി കിട്ടുന്ന കാര്യം സംശയമാണ്. ജനുവരി 25ന് മുൻപ് എണ്ണിത്തീർക്കുമെന്നായിരുന്നു ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചിരുന്നത്. നോട്ടും നാണയവുമായി ചേർന്ന് 119 കോടിയാണ് ഇതുവരെ എണ്ണിയത്. നാണയങ്ങളുടെ മൂന്നിൽ രണ്ട് കൂമ്പാരം ഇനിയും ബാക്കിയാണ്. 20 കോടിക്കടുത്ത് വരുമെന്നാണ് നിഗമനം. യന്ത്രസഹായം ആവശ്യപ്പെട്ട് ജീവനക്കാരുടെ സംഘടന ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട് .2017ൽ കരാറെടുത്ത ബാങ്ക് യന്ത്രം സ്ഥാപിച്ച് എണ്ണിയിരുന്നു. ചെന്നൈയിൽ ഒരു കമ്പനിയുമായി ബന്ധപ്പെട്ട് നേരത്തേ റോബട്ടിക്‌സ് സംവിധാനം ആലോചിച്ചെങ്കിലും നടപടി നീങ്ങിയിട്ടില്ല. മറ്റു ക്ഷേത്രങ്ങളിൽനിന്ന് ഡപ്യൂട്ടേഷനിലാണ് ജീവനക്കാർ സന്നിധാനത്തെത്തുന്നത്. ജീവനക്കാരുടെ കുറവ് മറ്റ് ദേവസ്വങ്ങളെയും ബാധിച്ചിട്ടുണ്ട്.